'ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല'; മോദിയെ കടന്നാക്രമിച്ച് സിദ്ധരാമയ്യ

മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാന്‍ താങ്കള്‍ ഹെഡ്മാസ്റ്ററൊന്നുമല്ല. ആദ്യം സംസ്ഥാന ഗവണ്‍മെന്റുകളുടെ ആവശ്യം പൂര്‍ത്തീകരിച്ച് ഉത്തവരവാദിത്തം കാണിക്കൂവെന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ ഇപ്പോഴത്തെ അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2021-04-24 04:17 GMT

ബാഗളൂരു: കൊവിഡിനെ ഭീതിജനകമാം വിധം പടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് കൃത്യമായ നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു കാര്യവുമില്ലാതെ ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് അപ്രത്യക്ഷമാകില്ലെന്ന് സിദ്ധരാമയ്യ ട്വീറ്റുകളിലൂടെ പ്രധാനമന്ത്രിയെ ഓര്‍മിപ്പിച്ചു. അഞ്ച് ട്വീറ്റുകളിലൂടെ രൂക്ഷഭാഷയിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാന്‍ താങ്കള്‍ ഹെഡ്മാസ്റ്ററൊന്നുമല്ല. ആദ്യം സംസ്ഥാന ഗവണ്‍മെന്റുകളുടെ ആവശ്യം പൂര്‍ത്തീകരിച്ച് ഉത്തവരവാദിത്തം കാണിക്കൂവെന്നും പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് സിദ്ദരാമയ്യ ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ ഇപ്പോഴത്തെ അവസ്ഥയും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യങ്ങള്‍ നിറവേറ്റി നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വം കാണിക്കൂ. കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ എല്ലാ സംസ്ഥാനങ്ങല്‍ും ദിവസേന മരിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോട് ഓക്‌സിജന്‍ ആവശ്യപ്പെടുമ്പോള്‍, പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരേ നടപടിയെടുക്കാനാണ് അദ്ദേഹം പറയുന്നത്. നമ്മുടെ രാജ്യത്ത് അപര്യാപ്തതയുള്ളപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഓക്‌സിജന്‍ കയറ്റുമതി കൂട്ടിയത്.

കര്‍ണാടകയില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ഉള്ളത് 7621 കിടക്കകളാണ്. അതില്‍ 6124 കിടക്കകള്‍ ഇതിനോടകം നിറഞ്ഞിരിക്കുകയാണ്. ആകെ ബാക്കിയുള്ളത് 1487 കിടക്കകളാണ്. കര്‍ണാടകയിലെ യഥാര്‍ത്ഥ അവസ്ഥ മുഖ്യമന്ത്രി പ്രധാനമന്ത്രിയോ ധരിപ്പിച്ചിരുന്നോ?, കര്‍ണാടകയില്‍ കാര്യങ്ങളെല്ലാം കൈവിട്ട് പോവുകയാണ്. ഇതിനുള്ള പരിഹാരം കര്‍ണാടകയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയോട് ചോദിക്കണം. ഇത്രയും മോശം മുഖ്യമന്ത്രിയെ വച്ച് എങ്ങനെയാണ് പ്രധാനമന്ത്രിക്ക് കര്‍ണാടകയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുകയെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

Tags: