അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി

2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവ് വയലിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

Update: 2019-02-11 07:57 GMT

കണ്ണൂര്‍: എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന പട്ടുവം അരിയില്‍ കുതിരപ്പുറത്ത് അബ്ദുല്‍ ഷുക്കൂറിനെ(24) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷിനുമെതിരേ സിബിഐ കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തി. ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം എന്നീ കുറ്റങ്ങളും ചേര്‍ത്താണ് തലശ്ശേരി കോടതിയില്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ മുഖ്യപ്രതികള്‍ക്കെതിരേയുള്ള കുറ്റങ്ങളും ഇരുവര്‍ക്കും ബാധകമാവും. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ സിപിഎം നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.

    നേരത്തേ, ലോക്കല്‍ പോലിസ് അന്വേഷിച്ചപ്പോള്‍ കൊലപാതകം നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന നിസാര വകുപ്പാണ് ചുമത്തിയിരുന്നത്. കേസ് സിബിഐ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.



 2012 ഫെബ്രുവരി 20നു കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവ് വയലിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. അന്നേദിവസം പട്ടുവത്ത് ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ സിപിഎം പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനെത്തിയ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കല്ല്യാശ്ശേരി എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് ആക്രമിച്ചതിനു തൊട്ടുപിന്നാലെയാണ് കൊലപാതകം. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക സംഘര്‍ഷം അരങ്ങേറുന്നതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണപുരം കീഴറയിലെത്തിയ ഷുക്കൂറിനെ രണ്ടര മണിക്കൂറോളം പ്രദേശത്തെ ഒരു വീട്ടില്‍ ബന്ദിയാക്കി വിചാരണ ചെയ്ത്, മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ഉന്നത നേതാവിന് അയച്ചുകൊടുത്ത് ഉറപ്പുവരുത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. പാര്‍ട്ടി കോടതിയാണ് വിധി നടപ്പാക്കിയതെന്ന പോലിസ് പരാമര്‍ശം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഷുക്കൂറിനൊപ്പം കൂടെയുണ്ടായിരുന്ന സക്കരിയ്യയ്ക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ സിപിഎം നേതാവ് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയാ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന്‍ ബിജുമോന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ പ്രതികളായ കേസില്‍ 32ാം പ്രതിയാണ് പി ജയരാജന്‍. ടി വി രാജേഷിനെയും പി ജയരാജനെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും മാസങ്ങള്‍ക്കു ശേഷം ജാമ്യത്തിലിറങ്ങി. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ജയരാജനും രാജേഷും നല്‍കിയ ഹരജി നേരത്തേ സുപ്രിംകോടതി തള്ളിയിരുന്നു.




Tags:    

Similar News