ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ (വീഡിയോ)

ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സര്‍ക്കാരിന്റെ അലംഭാവത്തിന്റെ ഉദാഹരണമാണ് ഇതെന്ന ആക്ഷേപവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

Update: 2020-11-27 08:44 GMT

ലഖ്‌നൗ: ആശുപത്രിയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ തിന്നുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സര്‍ക്കാരിന്റെ അലംഭാവത്തിന്റെ ഉദാഹരണമാണ് ഇതെന്ന ആക്ഷേപവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അലക്ഷ്യമായ നിലയില്‍ സൂക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹമാണ് തെരുവുനായ കരണ്ടു തിന്നത്. വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് പെണ്‍കുട്ടി മരിച്ചത്. അതേസമയം ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പെണ്‍കുട്ടിക്കു ജീവനുണ്ടായിരുന്നോയെന്നു വ്യക്തമല്ല. പെണ്‍കുട്ടിയുടെ മൃതദേഹം ആരും ശ്രദ്ധിക്കാതെ ഒന്നര മണിക്കൂറോളം വരാന്തയില്‍ അനാഥമായി കിടന്നുവെന്നു പെണ്‍കുട്ടിയുടെ പിതാവ് ചരണ്‍ സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തിയ സ്‌ട്രെച്ചറില്‍ തുണി കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്‌ട്രെച്ചറിന്റെ മുകളില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവെച്ച് മൃതദേഹം തെരുവുനായ കരണ്ടു തിന്നുന്നതാണ് വീഡിയോയിലുള്ളത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി.

ആശുപത്രിയില്‍ തെരുവുനായശല്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബാംഗങ്ങളെ ഏല്‍പിച്ചതായും പോസ്റ്റ് മോര്‍ട്ടം നടത്താതെ മൃതദേഹം കൊണ്ടുപോകുകയുമായിരുന്നെന്ന് അധികൃതര്‍ പറയുന്നു.

കൊണ്ടു പോകുന്നതിനിടെ മൃതദേഹം വെച്ച സ്ഥലത്ത് നായ എത്തിയതാവാമെന്നും ഡോക്ടര്‍ സുശീല്‍ വര്‍മ പറഞ്ഞു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.

സംഭവം അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തൂപ്പുകാരനെയും വാര്‍ഡ് ബോയിയെയും സസ്‌പെന്‍ഡ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. അത്യാഹിത വിഭാഗം ഡോക്ടറോടും ഫാര്‍മസിസ്റ്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.

Tags:    

Similar News