വീരവാദം കോടതിയില്‍ ചെലവാകില്ല; 25,000 രൂപ പിഴയടച്ചു ശോഭാ സുരേന്ദ്രന്‍ തടിയൂരി

താന്‍ പിഴയടയ്ക്കില്ലെന്നും സുപ്രfംകോടതിയെ സമീപിക്കുമെന്നുമാണ് ഹൈക്കോടതിവിധി വന്നദിവസം ശോഭാ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അടിസ്ഥാനരഹിതമായ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ അടയ്‌ക്കേണ്ട തുക ഇനിയും വര്‍ധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ശോഭ സുരേന്ദ്രന്‍ പിഴ അടച്ചതെന്നാണ് വിവരം.

Update: 2019-01-11 10:10 GMT

കൊച്ചി: ദുരുദ്ദേശ്യപരമായ ഹരജി നല്‍കിയെന്നാരോപിച്ച് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴയടച്ച്് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ തടിയൂരി. ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലാണ് ശോഭാ സുരേന്ദ്രനുവേണ്ടി അഭിഭാഷകന്‍ പിഴയടച്ചത്.



താന്‍ പിഴയടയ്ക്കില്ലെന്നും സുപ്രfംകോടതിയെ സമീപിക്കുമെന്നുമാണ് ഹൈക്കോടതിവിധി വന്നദിവസം ശോഭാ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അടിസ്ഥാനരഹിതമായ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ അടയ്‌ക്കേണ്ട തുക ഇനിയും വര്‍ധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ശോഭ സുരേന്ദ്രന്‍ പിഴ അടച്ചതെന്നാണ് വിവരം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഭക്തരെ പോലിസ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യുന്നെന്നാരോപിച്ച് ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹരജി കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിക്കൊണ്ട് 25,000 രൂപ പിഴയടക്കാന്‍ ഉത്തരവിട്ടത്. പ്രതികളെ വെറുതേവിട്ട കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്നും പോലിസ് അതിക്രമം കേരളത്തില്‍ വര്‍ധിച്ചു വരികയാണെന്നും ആരോപിച്ചാണ് ശോഭ സുരേന്ദ്രന്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. പ്രതികളെ വെറുതേ വിട്ട കേസുകളുടെ 2017 വരെയുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം തേടിയെങ്കിലും ലഭിച്ചില്ലെന്നും ശോഭാ സുരേന്ദ്രന്‍ ഹരജിയില്‍ പറയുന്നു. ഇതോടൊപ്പമാണ് ശബരിമല വിഷയത്തില്‍ 5000 ത്തോളം പേരെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്‌തെന്നും ഇ കേസിലെ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടത്.

എന്തുകൊണ്ടാണ് ഹരജിയില്‍ ഈയാവശ്യം കൂട്ടിച്ചേര്‍ത്തതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഇടക്കാല ആവശ്യവും ശബരിമല വിഷയത്തിലുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വാദങ്ങളില്‍ ജാഗ്രത പാലിക്കണം. ദുരുദ്ദേശ്യപരമായ വ്യവഹാരമാണിത്. ഹരജിക്കാരിയുടെ ഉദ്ദേശ്യം വാദങ്ങളില്‍ നിന്ന് വ്യക്തമാണ്. വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി കോടതിയെ ദുരുപയോഗിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ ഹരജി പിന്‍വലിക്കാന്‍ തയ്യാറായ അഭിഭാഷകന്‍ നിരുപാധികം മാപ്പ് പറയാനും തയ്യാറായി. എന്നാല്‍, അനാവശ്യ വ്യവഹാരങ്ങള്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് വ്യക്തമാക്കി കോടതിച്ചെലവ് കെട്ടിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

Tags: