കോഴിക്കോട്ടെ ഷിഗല്ല രോഗബാധ: ഉറവിടം കണ്ടെത്താന്‍ വിദഗ്ധ സമിതി സര്‍വേ ആരംഭിച്ചു

അതേസമയം,രോഗബാധയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും.

Update: 2020-12-23 02:28 GMT

കോഴിക്കോട്: ജില്ലയിലെ ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടത്താന്‍ ആരോഗ്യവകുപ്പ് വിദഗ്ധ സമിതി സര്‍വേ തുടങ്ങി. രോഗബാധയുണ്ടായ പ്രദേശത്ത് ക്യാംപ് ചെയ്താണ് സര്‍വേ നടത്തുന്നത്. അതേസമയം,രോഗബാധയെ കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യുണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കോട്ടാംപറമ്പ് മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രോഗം നിയന്ത്രണ വിധേയമായെങ്കിലും രോഗ ഉറവിടം കണ്ടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം നടത്തിയ പഠനത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ബാക്ടീരിയ എങ്ങനെ ഈ മേഖലയില്‍ എത്തി എന്നത് കണ്ടത്താന്‍ ആയിട്ടില്ല. ഷിഗല്ല രോഗബാധയുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അറിയിച്ചു.

കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്റ്റീരിയ ആണെന്ന് കണ്ടത്തിയത്. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടത്തുകയും നിരവധി പേര്‍ രോഗലക്ഷണം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags: