ഇപ്പോഴും എന്‍സിപിയില്‍; നേതാവ് ശരദ് പവാര്‍ തന്നെ,ഒന്നും ഭയക്കാനില്ല, എല്ലാം ഭദ്രം: അജിത് പവാര്‍

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് പവാറിന്റെ പുതിയ ട്വീറ്റ്.

Update: 2019-11-24 13:17 GMT

മുംബൈ: താനിപ്പോഴും എന്‍സിപിയിലാണെന്നും ശരദ് പവാറാണ് നേതാവെന്നും അവകാശപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശരദ് പവാറിന്റെ സഹോദര പുത്രനുമായ അജിത് പവാര്‍.മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് പവാറിന്റെ പുതിയ ട്വീറ്റ്.

'ഭയപ്പെടേണ്ട സാഹചര്യമില്ല, എല്ലാം ഭദ്രമാണ്. കുറച്ച് സംയമനം ആവശ്യമാണ്. എല്ലാ പിന്തുണകള്‍ക്കും നന്ദി' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മുതിര്‍ന്ന എന്‍സിപി നേതാവ് ജയന്ത് പാട്ടീലൂമായി നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അജിത് പവാറിന്റെ ട്വീറ്റ് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഉള്‍പ്പെടെ ബിജെപി നേതാക്കളുടെ ആശംസ സന്ദേശങ്ങള്‍ അജിത് പവാര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എന്‍സിപി അദ്ദേഹത്തെ നിയമസഭാകക്ഷി നേതൃസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ബിജെപിയുമായി കൈകോര്‍ത്ത അജിത് പവാറിന്റെ നടപടി പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന എന്‍സിപി എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, മഹാരാഷ്ട്രയില്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി എന്‍സിപി സഖ്യത്തിന് കഴിയുമെന്നും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അതിന് സാധിക്കുമെന്നും അജിത് പവാര്‍ അവകാശപ്പെട്ടു.

Tags: