എസ്എഫ്‌ഐയുടെ കൊടിമരം തകര്‍ത്ത സംഭവത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റില്‍

Update: 2022-01-16 04:25 GMT

കൊച്ചി: എസ്എഫ്‌ഐയുടെ കൊടിമരം തകര്‍ത്ത തകര്‍ത്ത സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും, കെഎസ്‌യു യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റില്‍. വത്തുരുത്തി ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ടിബിന്‍ ദേവസ്യയാണ് അറസ്റ്റിലായ കൗണ്‍സിലര്‍. എറണാകുളം സെന്‍ട്രല്‍ പോലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം ഗവ. ലോ കോളജിലെ എസ്എഫ്‌ഐ കൊടിമരവും പ്രചരണ സാമഗ്രികളുമാണ് ഇവര്‍ നശിപ്പിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍, കെഎസ്‌യു കളമശേരി മണ്ഡലം പ്രസിഡന്റ് കെഎം കൃഷ്ണലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. എറണാകുളം സൗത്തിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു. എസ്എഫ്‌ഐ ലോ കോളജ് യൂനിറ്റ് സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെ രാത്രി ഒന്നര മണിയോടെയാണ് കോളജിന്റെ മതില്‍ ചാടിക്കടന്ന് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ക്കുകയും, പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തത്.

ദൃശ്യങ്ങള്‍ പുലര്‍ച്ചെ മുതല്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഡിസിസി പ്രസിഡന്റും പോലിസുകാരും ഉള്ള ഒരു ഗ്രൂപ്പില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞ് കോളജില്‍ പോലിസ് ഡോക് സ്‌ക്വാഡും, ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രകടനം നടത്തി. കോളേജില്‍ അതിക്രമിച്ച് കയറിയതിന് കോളജ് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags: