വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരായ ലൈംഗിക പീഡനാരോപണം: അന്വേഷണം നടത്തി കര്‍ശന നടപടി വേണമെന്ന് എസ്ഡിപിഐ
പാലക്കാട്: പാലക്കാട് നഗരസഭയിലെ ഒരു വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗിക പീഡനാരോപണം സംസ്ഥാനത്ത് വളര്‍ന്നുവരുന്ന അധഃപതിച്ച രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഗൗരവമായ പ്രതിഫലനമാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇല്യാസ് കാവല്‍പാട് ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടവയല്ലെന്നും, അധികാരവും സ്വാധീനവും ദുരുപയോഗം ചെയ്യുന്ന പ്രവണതയുടെ ഭാഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജോലി വാഗ്ദാനം നല്‍കി ഒരു ദളിത് യുവതിയെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കെ, ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ ഭീഷണിപ്പെടുത്തല്‍, നിര്‍ബന്ധിത ഗര്‍ഭഛിദ്ര ശ്രമം എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ സമൂഹത്തില്‍ വലിയ ആശങ്കയും ഭീതിയും സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അധികാര ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും ചൂണ്ടിക്കാട്ടി ഇരയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അതീവ ഗുരുതരമാണ്. ഇത്തരത്തില്‍ അധികാരം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന സാഹചര്യം ജനാധിപത്യത്തിനും സ്ത്രീസുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണെന്നും ഇല്യാസ് വിമര്‍ശിച്ചു.
സ്ത്രീകളുടെ സുരക്ഷയും മാനവികാവകാശങ്ങളും സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നും, ഇത്തരം കേസുകളില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണവിധേയനെ ഉടന്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി നിയമനടപടികള്‍ക്ക് വിധേയനാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാതിയില്‍ ഉയര്‍ന്നിരിക്കുന്ന എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണം അടിയന്തിരമായി നടത്തണം. കുറ്റം തെളിഞ്ഞാല്‍ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഇല്യാസ് ആവശ്യപ്പെട്ടു.
