ഐഎസിന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുള്ള ഭാഗങ്ങള്‍ നല്‍കുന്നതില്‍ ഏഴ് ഇന്ത്യന്‍ കമ്പനികളെന്ന് റിപോര്‍ട്ട്

യൂറോപ്യന്‍ യൂനിയന്റെ പഠനത്തെ അധികരിച്ച് എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

Update: 2019-05-03 03:01 GMT

ലണ്ടന്‍: ഐഎസിന് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ആവശ്യമായ ഘടകഭാഗങ്ങള്‍ നല്‍കുന്നവയില്‍ ഏഴ് ഇന്ത്യന്‍ കമ്പനികളുമുണ്ടെന്ന് റിപോര്‍ട്ട്. യൂറോപ്യന്‍ യൂനിയന്റെ പഠനത്തെ അധികരിച്ച് എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഭീകര സംഘടനകള്‍ക്ക് രാസവസ്തുക്കളും മറ്റു ഉപകരണങ്ങളും ലഭ്യമാകുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ, തുര്‍ക്കി, ബ്രസീല്‍, അമേരിക്ക തുടങ്ങിയ 20 രാജ്യങ്ങളിലെ 51 കമ്പനികള്‍ നിര്‍മിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്ത 700 ഘടക ഭാഗങ്ങളാണ് ഐഎസ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്ന് കോണ്‍ഫഌക്റ്റ് ആര്‍മമെന്റ് റിസര്‍ച്ചിന്റെ(സിഎആര്‍) റിപോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കിയിലെ 13 കമ്പനികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏഴ് കമ്പനികളുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് 20 മാസം കൊണ്ട് പൂര്‍ത്തിയാക്കിയ സിഎആര്‍ പഠനം ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം ഡിറ്റൊണേറ്ററുകളും ഡിറ്റൊണേറ്റിങ് കോഡുകളും സേഫ്റ്റി ഫ്യൂസുകളും നിര്‍മിച്ചത് ഏഴ് ഇന്ത്യന്‍ കമ്പനികളാണ്. ഇവയെല്ലാം ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയ ലൈസന്‍സ് പ്രകാരം നിര്‍മിച്ച് ലബ്‌നാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തിട്ടുള്ളവയാണ്. നോക്കിയ 105 മൊബൈല്‍ ഉപയോഗിച്ചാണ് വീദൂര നിയന്ത്രിത സ്‌ഫോടനം നടത്തുന്നത്. ബ്രസീല്‍, റുമാനിയ, റഷ്യ, നെതര്‍ലന്റ്‌സ്, ചൈന, സ്വിറ്റ്‌സര്‍ലന്റ്, ആസ്ട്രിയ, ചെക്ക് റിപബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയയിലെ കുര്‍ദ് സേന, ഇറാഖി ഫെഡറല്‍ പോലിസ്, കുര്‍ദിസ്ഥാന്‍ റീജ്യനല്‍ സെക്യൂരിറ്റി കൗണ്‍സില്‍, കുര്‍ദിസ്ഥാന്‍ റീജ്യനല്‍ ഗവണ്‍മെന്റ് സേനകള്‍ എന്നിവ വഴിയാണ് സിഎആര്‍ ഈ ഘടക ഭാഗങ്ങള്‍ ശേഖരിച്ചത്. ഇറാഖി നഗരങ്ങളായ റാബിയ, കിര്‍കുക്ക്, മൊസൂള്‍, തിക്‌രീത്ത്, സിറിയന്‍ നഗരമായ കോബാനി എന്നിവിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ പിടിച്ചെടുത്തവയാണ് ഇവ.

Tags: