മുതിര്‍ന്ന സിപിഐ നേതാവ് എന്‍ കെ കമലാസനന്‍ അന്തരിച്ചു

തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി, കോട്ടയം ജില്ലാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

Update: 2022-03-03 12:27 GMT

ആലപ്പുഴ: മുതിര്‍ന്ന സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥകാരനുമായ എന്‍ കെ കമലാസനന്‍ (92) അന്തരിച്ചു. തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂനിയന്‍ ജനറല്‍ സെക്രട്ടറി, കോട്ടയം ജില്ലാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1930 ജനുവരി 26ന് കുട്ടനാട് പുളിങ്കുന്നില്‍ കണ്ണാടി ഗ്രാമത്തില്‍ ജനിച്ചു. സ്വാതന്ത്ര്യസമരകാലത്ത് വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ച കമലാസനന്‍ അറസ്റ്റ് വരിച്ച് എട്ടുമാസവും 13 ദിവസവും ജയിലില്‍ കിടന്നു. അതോടെ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ടു. സംസ്ഥാനത്ത് ഒരു സ്‌കൂളിലും പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാരിന്റെ നിരോധന ഉത്തരവ് വന്നതോടെ വിദ്യാഭ്യാസം അവസാനിച്ചെങ്കിലും പിന്നീട് പ്രൈവറ്റ് ആയി പഠിച്ചു.

1950ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് കര്‍ഷകത്തൊഴിലാളി രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച കമലാസനന്‍ 1952 മുതല്‍ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി 14 വര്‍ഷം പദവിയില്‍ തുടര്‍ന്നു. നിരവധി കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ പങ്കെടുക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തു. 1972 മുതല്‍ കോട്ടയം ജില്ലാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിരുന്നു. കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.

കുട്ടനാടും നക്ഷത്ര തൊഴിലാളി പ്രസ്ഥാനവും, ഒരു കുട്ടനാടന്‍ ഓര്‍മ്മക്കൊയ്ത്ത്, വിപ്ലവത്തിന്റെ ചുവന്ന മണ്ണ്, കമ്മ്യൂണിസ്റ്റ് പോരാളി കല്യാണ കൃഷ്ണന്‍ നായര്‍ എന്നിങ്ങനെ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Tags: