സീറ്റുതര്‍ക്കം; പാലക്കാട് നഗരസഭയില്‍ ബിജെപിയില്‍ കലഹം

ബാലസുബ്രഹ്‌മണ്യം പിന്മാറിയതിനു പിന്നാലെ ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസിനോട് മല്‍സരിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്

Update: 2020-11-15 05:58 GMT

പാലക്കാട്: സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബിജെപി ഭരിക്കുന്ന കേരളത്തിലെ ഏക നഗരസഭയായ പാലക്കാട്ട് പാര്‍ട്ടിയില്‍ കലഹം. അര്‍ഹമായ സീറ്റ് നല്‍കാതെ പാര്‍ട്ടി അവഗണിച്ചെന്നു പറഞ്ഞ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ് ആര്‍ ബാലസുബ്രഹ്‌മണ്യന്‍ മല്‍സരരംഗത്തു നിന്ന് പിന്‍മാറി. ജില്ലയില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള ചിലരുടെ താല്‍പര്യങ്ങളാണ് ഇത്തരം അവഗണനയ്ക്കു പിന്നിലെന്ന് ബാല സുബ്രമണ്യന്‍ തുറന്നടിച്ചു. സ്ഥാനാര്‍ഥിപ്പ പട്ടിക പുറത്തുവന്നപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പലരും തഴയപ്പെട്ടു. ദേശീയ കൗണ്‍സില്‍ അംഗമായ എസ്.ആര്‍ ബാലസുബ്രമണ്യന് വിജയ സാധ്യതയുള്ള വടക്കന്തറയ്ക്കു പകരം പുത്തൂര്‍ നോര്‍ത്ത് സീറ്റ് നല്‍കിയതാണ് ചൊടിപ്പിച്ചത്. ഇതോടെ, അതൃപ്തി പരസ്യമാക്കി മല്‍സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തന്നോട് കാണിച്ചത് അവഗണനയാണെന്നും ജില്ലയിലെ ചിലനേതാക്കളുടെ താല്‍പര്യങ്ങളാണ് ഇത്തരം അവഹേളനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ബാലസുബ്രഹ്‌മണ്യം പിന്മാറിയതിനു പിന്നാലെ ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസിനോട് മല്‍സരിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.

    തിരഞ്ഞെടുപ്പ് കാലത്ത് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കേണ്ട ജില്ലാ പ്രസിഡന്റ് തന്നെ മല്‍സരത്തിനിറങ്ങുന്നതും പാര്‍ട്ടിയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ മല്‍സരിച്ചിരുന്ന വാര്‍ഡില്‍ ഭാര്യ മിനി കൃഷ്ണകുമാറിനെ മല്‍സരത്തിനിറക്കിയതും പ്രതിഷേധത്തിനു കാരണമാക്കിയിട്ടുണ്ട്. കൂടിയാലോചനകളില്ലാതെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറും ഇ കൃഷ്ണദാസും ചേര്‍ന്ന് സ്വന്തക്കാരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുകിക്കയറ്റിയെന്നാണ് ആരോപണമുയരുന്നത്.

Tags: