എസ് ഡിപിഐ ജനമുന്നേറ്റ യാത്രയ്ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം

Update: 2024-02-15 14:50 GMT

കണ്ണൂര്‍: സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ഐതിഹാസിക ചരിത്രമുറങ്ങുന്ന കണ്ണൂരിന്റെ വിപ്ലവ മണ്ണില്‍ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങള്‍ക്ക് കരുത്തും ഊര്‍ജവുമേകി എസ്ഡിപിഐ ജനമുന്നേറ്റ യാത്രയ്ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം. 'രാജ്യത്തിന്റെ വീണ്ടെടുപ്പിന്' എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നടത്തുന്ന ജനമുന്നേറ്റ യാത്ര ചരിത്രത്തില്‍ മറ്റൊരു ഏട് കൂടി എഴുതിച്ചേര്‍ത്തു. യാത്ര ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സംഘപരിവാര്‍ തേര്‍വാഴ്ചയ്ക്ക് അറുതിവരുത്താനുള്ള ആഹ്വാനം കൂടിയായി. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പഴയങ്ങാടിയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ കണ്ണൂര്‍ നഗരത്തിലേക്ക് വരവേറ്റത്. ജാഥ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും തുറന്ന വാഹനത്തില്‍ ആനയിച്ചാണ് മാട്ടൂല്‍, മടക്കര, ഇരിണാവ്, പുതിയതെരു വഴി കണ്ണൂര്‍ പ്രഭാത് ജങ്ഷനില്‍ വാഹനറാലി സമാപിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളോട് സധൈര്യം ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള പിന്തുണയായി വന്‍ജനാവലിയാണ് പിന്നിട്ട ഓരോ പ്രദേശങ്ങളിലെ പാതയോരങ്ങളിലും എത്തിച്ചേര്‍ന്നത്. പ്രഭാത് ജങ്ഷനില്‍ നിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്. ദഫ്, കോല്‍ക്കളി, കൈമുട്ടിപ്പാട്ട്, നാസിക് ഡോള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ പ്ലാസ, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ് വഴി റാലി സ്‌റ്റേഡിയം കോര്‍ണറില്‍ സമാപിക്കുമ്പോള്‍ റോഡിനിരുവശവും ജാഥയെ അഭിവാദ്യം ചെയ്തും മുദ്രാവാക്യകള്‍ ഏറ്റുവിളിച്ചും കണ്ണൂരിന്റെ പൗരസമൂഹവും ജനമുന്നേറ്റ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അവേശവും അച്ചടക്കവും സമന്വയിച്ച ഐതിഹാസിക റാലി നഗരത്തിന് പുതിയ അനുഭവമായി മാറി.

   Full View

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റന്‍ തുളസീധരന്‍ പള്ളിക്കല്‍ ജാഥാ സന്ദേശം നല്‍കി. ജാഥാ വൈസ് ക്യാപ്റ്റന്‍ റോയ് അറയ്ക്കല്‍ പങ്കെടുത്തു. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മറുപടി പ്രസംഗം നടത്തി. വൈകീട്ട് മൂന്നരയോടെ പഴയങ്ങാടിയില്‍ വച്ച് ജില്ലാ ഭാരവാഹികള്‍ ജനമുന്നേറ്റ യാത്ര അംഗങ്ങളെ ജില്ലയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജാഥ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും തുറന്ന വാഹനത്തില്‍ ആനയിച്ചാണ് മാട്ടൂല്‍, മടക്കര, ഇരിണാവ്, പുതിയതെരു വഴി കണ്ണൂരില്‍ പ്രഭാത് ജങ്ഷനില്‍ വാഹനറാലി സമാപിച്ചത്. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. പൊതു സമ്മേളനത്തില്‍ എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ, സെക്രട്ടറി ശംസുദ്ദീന്‍ മൗലവി സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാര്‍ ജാഥ ക്യാപ്റ്റനെ മെമന്റോ നല്‍കി സ്വീകരിച്ചു. ജാഥാ അംഗങ്ങള്‍, സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്തു.

Tags: