ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് ആവേശം പകര്‍ന്ന് ജനമുന്നേറ്റ യാത്ര പ്രയാണം തുടങ്ങി

Update: 2024-02-14 16:11 GMT

ഉപ്പള(കാസര്‍കോട്): ജനാധിപത്യത്തെ കശാപ്പുചെയ്ത് മതാധിഷ്ഠിത രാഷ്ടനിര്‍മാണത്തിന് കേന്ദ്ര ബിജെപി ഭരണകൂടം ആക്കംകൂട്ടുമ്പോള്‍ അതിനെതിരായി ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തിന് ആവേശം പകര്‍ന്ന് എസ്ഡിപിഐ ജനമുന്നേറ്റ യാത്ര പ്രയാണം തുടങ്ങി. 'രാഷ്ടത്തിന്റെ വീണ്ടെടുപ്പിന്' എന്ന കാലികപ്രസക്തമായ മുദ്രാവാക്യവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് ഉപ്പളയില്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലേ ജാഥാ ക്യാപ്റ്റന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. ആദ്യദിനം ഉപ്പളയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ബന്ദിയോട്, കുമ്പള, മൊഗ്രാല്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ട് മേല്‍പ്പറമ്പില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും യുവാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പാതയുടെ ഇരുവശത്തും നിന്ന് യാത്രയെ അഭിവാദ്യം ചെയ്തു. വിദ്വേഷവും വെറുപ്പും വിതച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തുടര്‍ച്ച നേടാനുള്ള ബിജെപി-സംഘപരിവാര ദുര്‍മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയാണ് യാത്ര പ്രയാണം നടത്തുന്നത്. രാജ്യത്തെ പൗരഭൂരിപക്ഷം പട്ടിണിയിലും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയിലും നട്ടം തിരിയുമ്പോള്‍ ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന് കനത്ത താക്കീതാണ് യാത്ര കടന്നുപോകുന്ന പാതയോരങ്ങളിലെ ജനങ്ങളുടെ ആര്‍പ്പുവിളി വ്യക്തമാക്കുന്നത്. ഭരണഘടനയെയും ജനാധിപത്യത്തെയും കൊലചെയ്ത് രാഷ്ട്രത്തിനു മേല്‍ മതം സ്ഥാപിക്കുന്ന വര്‍ഗീയ ഭരണകൂടത്തോടുള്ള പുച്ഛവും പ്രതിഷേധവും വിളിച്ചോതുന്നതാണ് യാത്രയുടെ ആദ്യദിനത്തിലെ ജനപിന്തുണ വ്യക്തമാക്കുന്നത്. രാജ്യത്തെ അടിസ്ഥാന ജനതയുടെ ജീവല്‍പ്രശ്‌നങ്ങളെ അവഗണിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ വഞ്ചനാപരമായ നിലപാട് പൊതുസമൂഹം തിരിച്ചറിയുന്നു എന്ന സന്ദേശമാണ് ജനങ്ങള്‍ നല്‍കുന്നത്. സ്വാര്‍ഥമോഹങ്ങള്‍ക്കു മുന്നില്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരി അനുദിനം ശിഥിലമായിക്കൊണ്ടിരിക്കുമ്പോള്‍ പുതിയ പ്രതീക്ഷയും പ്രത്യാശയുമാണ് ജനമുന്നേറ്റ യാത്രയിലൂടെ ദൃശ്യമാവുന്നത്. 

 


വിവിധ ജില്ലകളിലെ പര്യടനത്തിനു ശേഷം മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയുടെ വൈസ് ക്യാപ്റ്റന്‍മാര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവരാണ്. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രയുടെ മുദ്രാവാക്യങ്ങള്‍.

    രണ്ടാം ദിനമായ വ്യാഴാഴ്ച യാത്ര കണ്ണൂര്‍ ജില്ലയിലാണ് പര്യടനം നടത്തുന്നത്. വൈകീട്ട് മൂന്നിന് പഴയങ്ങാടിയില്‍ നിന്ന് നിരവധി വാഹന റാലിയുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും തുറന്ന വാഹനത്തില്‍ ആനയിക്കും. മാട്ടൂല്‍, മടക്കര, ഇരിണാവ്, പുതിയതെരു വഴി കണ്ണൂരില്‍ പ്രഭാത് ജങ്ഷനില്‍ വാഹനറാലി സമാപിക്കും. പ്രഭാത് ജങ്ഷനില്‍ നിന്ന് ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും ദഫ്, കോല്‍ക്കളി, കൈമുട്ടിപ്പാട്ട്, നാസിക് ഡോള്‍ തുടങ്ങിയ വാദ്യോപകരങ്ങളുടെ അകമ്പടിയോടെ ബഹുജനറാലിയായി പൊതുസമ്മേളന നഗരിയായ സ്‌റ്റേഡിയം കോര്‍ണറിലേക്ക് ആനയിക്കും. തുടര്‍ന്ന് വൈകീട്ട് 6.30ന് നടക്കുന്ന പൊതുസമ്മേളനം എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. വൈസ് ക്യാപ്റ്റന്‍ തുളസീധരന്‍ പള്ളിക്കല്‍ ജാഥാ സന്ദേശം നല്‍കും.

Tags:    

Similar News