വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയ മുംബൈ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹം: എസ്ഡിപിഐ

പകര്‍ച്ചവ്യാധി നിയമം, മഹാരാഷ്ട്ര പോലിസ് നിയമം, ദുരന്ത നിവാരണ നിയമം, വിദേശി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയുള്ള 29 വിദേശ പൗരന്മാര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയ മുംബൈ ഹൈക്കോടതി അവരെ ബലിയാടുകളാക്കുകയായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുന്നു.

Update: 2020-08-24 11:47 GMT

ന്യൂഡല്‍ഹി: വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയ മുംബൈ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി. പകര്‍ച്ചവ്യാധി നിയമം, മഹാരാഷ്ട്ര പോലിസ് നിയമം, ദുരന്ത നിവാരണ നിയമം, വിദേശി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തിയുള്ള 29 വിദേശ പൗരന്മാര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയ മുംബൈ ഹൈക്കോടതി അവരെ ബലിയാടുകളാക്കുകയായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുന്നു.

വിദേശികള്‍ക്ക് അഭയം നല്‍കിയതിന് ആറ് പേര്‍ക്കെതിരേ ചുമത്തിയ കേസും കോടതി റദ്ദാക്കിയിരിക്കുകയാണ്. ഐവറി കോസ്റ്റ്, ഘാന, ടാന്‍സാനിയ, ജിബൂട്ടി, ബെനിന്‍, ഇന്തോനീസ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാര്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ സാധുവായ സന്ദര്‍ശന വിസയിലാണ് മാര്‍ച്ചില്‍ അവര്‍ ഇന്ത്യയിലെത്തിയത്. അഹമ്മദ് നഗര്‍ ജില്ലയിലെത്തിയ വിവരം അവര്‍ ജില്ലാ പോലിസ് സൂപ്രണ്ടിനെ അറിയിച്ചിരുന്നു. വിസ വ്യവസ്ഥകള്‍ അനുശാസിച്ചിട്ടില്ലെങ്കിലും അവര്‍ പ്രാദേശിക ഉദ്യോഗസ്ഥരെ വരെ അറിയിച്ചിരുന്നു. മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനു യാതൊരു വിലക്കുമില്ല. കൊവിഡ് 19 മൂലം മാര്‍ച്ച് 23ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അവര്‍ കുടുങ്ങുകയായിരുന്നു.

ഗതാഗത സൗകര്യങ്ങള്‍ നിര്‍ത്തലാക്കി. ലോഡ്ജുകളും ഹോട്ടലുകളും അടച്ചതിനെ തുടര്‍ന്നാണ് അവരെ മസ്ജിദില്‍ പാര്‍പ്പിച്ചത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലോ ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിക്കുന്നതിലോ അവര്‍ ഉള്‍പ്പെട്ടിരുന്നില്ല. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഇസ്‌ലാമോഫോബിക് അടിസ്ഥാനമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഈ വിദേശികള്‍ രാജ്യത്ത് കൊവിഡ് 19 വ്യാപിക്കാന്‍ കാരണമായെന്നു പ്രചരിപ്പിച്ച് ഇവരുടെ നിസ്സഹായതയെ മുസ്‌ലിംകളെ അപമാനിക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. അവരെ സ്‌ക്രീനിങ്ങിന് വിധേയമാക്കുകയും കൊവിഡ് 19 നായി വിമാനത്താവളത്തില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. നെഗറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് അവരെ വിമാനത്താവളം വിടാന്‍ അനുവദിച്ചത്. മോഡി ആര്‍എസ്എസ് അനുകൂല മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും അവരുടെ ദുഷിച്ച അജണ്ടകള്‍ നിറവേറ്റുന്നതിനുമായി ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു.

29 വിദേശ പൗരന്മാര്‍ സമര്‍പ്പിച്ച ഹരജികളില്‍ അവര്‍ക്കെതിരായ എല്ലാ എഫ്‌ഐആറുകളും റദ്ദാക്കുകയും മാധ്യമ പ്രചാരണത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ നിസ്സഹായരായ അവരെ ബലിയാടുകളാക്കുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. വിദേശികള്‍ക്കെതിരായ ഈ നടപടിയെക്കുറിച്ച് ബന്ധപ്പെട്ടവര്‍ പശ്ചാത്തപിക്കേണ്ടതും അതുമൂലമുണ്ടായ ക്ഷതങ്ങള്‍ പരിഹരിക്കുന്നതിന് ചില ക്രിയാത്മക നടപടികള്‍ കൈക്കൊള്ളേണ്ടതിനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് കോടതി അഭിപ്രായപ്പെട്ടു.

പകര്‍ച്ചവ്യാധിയോ ദുരന്തമോ ഉണ്ടാകുമ്പോള്‍ രാഷ്ട്രീയ നേട്ടത്തിനായി സര്‍ക്കാര്‍ ചിലരെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണെന്നും ഈ വിദേശികളെ അത്തരത്തില്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. വിദ്വേഷത്തിന്റെ വൃത്തികെട്ട സാമുദായിക രാഷ്ട്രീയം കളിക്കുന്ന സര്‍ക്കാരിനും പക്ഷപാതപരവും വര്‍ഗീയവുമായ പ്രചാരങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കും കനത്ത പ്രഹരമാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. രാജ്യത്തെ പൗരന്മാര്‍ക്കെതിരായ വര്‍ഗീയ വിവേചനവും വിദ്വേഷം പ്രചരിപ്പിക്കലും അവസാനിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തതുപോലെ എല്ലാവരെയും തുല്യമായി പരിഗണിക്കാനും തയ്യാറാവണമെന്ന് സര്‍ക്കാരിനോടും അതിനു കൂട്ട് നിന്ന മാധ്യമങ്ങളോടും ഷഫി ആവശ്യപ്പെട്ടു.


Tags: