താനൂര്‍ എസ് ഐയുടെ വെളിപ്പെടുത്തല്‍: കൊലയാളി സംഘത്തെ സസ്‌പെന്റ് ചെയ്യണം-എസ്ഡിപിഐ

Update: 2023-08-17 17:57 GMT

തിരൂരങ്ങാടി: താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് താനൂര്‍ എസ് ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നതാണെന്നും ഉന്നത തലങ്ങളില്‍ ഇപ്പോഴും വിരാചിക്കുന്ന കൊലയാളിസംഘത്തെ സസ്‌പെന്റ് ചെയ്യണമെന്നും എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമുതല്‍ വലിയ തിരക്കഥകള്‍ മെനഞ്ഞ് എസ്പിയും സംഘവും നടത്തിയ കൊലപാതകത്തിലെ ഉള്ളറകള്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തുമ്പോള്‍ അതീവഗൗരവ സ്വഭാവമുള്ളതാണ്.

    മരണം സംഭവിച്ച ഉടനെ തന്നെ എല്ലാവരും മടിച്ചുനിന്ന സമയം ജിഫ്രിയുടെ വീട്ടിലെത്തി സത്യം ആദ്യം വിളിച്ചുപറഞ്ഞത് എസ്ഡിപിഐ വസ്തുതാന്വേഷണ സംഘമാണ്. അക്കാര്യങ്ങള്‍ ശരിയാണെന്ന് തന്നെയാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. മലപ്പുറത്തെ ഭീകരവല്‍ക്കരിക്കാന്‍ അച്ചാരം വാങ്ങിയ എസ്പി തന്റെ കീഴിലെ ഗുണ്ടാ സംഘത്തെ കൊണ്ട് ചെയ്യിച്ച കൊലപാതകമാണ് ഇതെന്നതിനാല്‍ ഇതിനുപിന്നിലെ ഗൂഢാലോചനയെ കുറിച്ച് സംശയം വര്‍ധിക്കുകയാണ്. കസ്റ്റഡി കൊലപാതകത്തെ കുറിച്ച് തെളിവുകള്‍ ഓരോന്നായി പുറത്ത് വരുമ്പോഴും എസ്പിയേയും സംഘത്തെയും സംരക്ഷിക്കുന്നത് ഭരണകക്ഷിയാണെന്ന സംശയം ബലപ്പെടുകയാണ്. ജിഫ്രിയടക്കമുള്ളവരെ രാത്രിയില്‍ ഡാന്‍സാഫ് സംഘം തനിക്ക് കൈമാറുമ്പോള്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സാക്ഷികളാവാന്‍ വന്നിരുന്നെന്നും കോടതിയില്‍ മഞ്ചേരിയിലെ ഉയര്‍ന്ന അഭിഭാഷകന്‍ രക്ഷിക്കാന്‍ വരുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായും എസ് ഐ പറഞ്ഞത് കൂട്ടിവായിക്കേണ്ടതാണ്. മാത്രമല്ല, ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വരുമ്പോള്‍ ഭരണ കക്ഷികള്‍ മൗനം പൂണ്ടിരിക്കുന്നത് ആരെ രക്ഷിക്കാനാണ്. സംഭവത്തില്‍ താനൂര്‍ സിഐ, എഎസ്പി, ഡിവൈഎസ്പി, ഡാന്‍സാഫ് സംഘങ്ങള്‍, ഇവര്‍ക്ക് സംരക്ഷണമൊരുക്കിയ മലപ്പുറം എസ്പി എന്നിവരെയടക്കം സസ്‌പെന്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കമ്മിറ്റി ആവശ്യപെട്ടു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട്, ജില്ലാ കമ്മറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി ഉസ്മാന്‍ ഹാജി, ഹിദായത്ത് സംസാരിച്ചു.

Tags:    

Similar News