നിലമ്പൂരിലെ എസ് ഡിപിഐ വോളന്റിയര്‍മാര്‍ തിരച്ചിലിനായി വയനാട്ടില്‍

Update: 2024-08-08 06:33 GMT

മലപ്പുറം: വയനാട് ഉരുള്‍ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനായി നിലമ്പൂര്‍, ചാലിയാര്‍ മേഖലയില്‍ ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ശേഷം മലപ്പുറം ജില്ലയിലെ എസ് ഡിപിഐ വോളന്റിയര്‍മാര്‍ വയനാട്ടിലും തിരച്ചിലിനെത്തി. എസ് ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴിലുള്ള വോളന്റിയര്‍ സംഘമാണ് വ്യാഴാഴ്ച തിരച്ചിലിനായി വയനാട്ടിലെത്തിയത്. പോത്തുകല്ലിലും ചുങ്കത്തറയിലും ചാലിയാറിലും തിരച്ചിലിനു നേതൃത്വം നല്‍കിയ 60 അംഗസംഘം ഇന്ന് പുലര്‍ച്ചെയാണ് വയനാട് ദുരന്തമേഖലയിലെത്തിയത്. അര്‍ധരാത്രി 2.45ഓടെ പുറപ്പെട്ട സംഘം പുലര്‍ച്ചെയോടെയാണ് എത്തിയത്. 24 അംഗങ്ങളുള്ള ഗ്രൂപ്പ് തിരിച്ചാണ് പോലിസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തിരച്ചില്‍ നടത്തുന്നത്.

    നിലമ്പൂരില്‍ 1150 എസ്ഡിപിഐ പ്രവര്‍ത്തകരാണ് തിരച്ചിലില്‍ പങ്കാളികളായത്. 75ഓളം മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ കണ്ടെടുക്കുകയും ചെയ്തിരുന്നു. മല്‍സ്യത്തൊഴിലാളികളെയും മരം വെട്ടുകാരെയും ഇറക്കി ദുരന്തമേഖലയിലെ ആവശ്യം മനസ്സിലാക്കിയാണ് സേവനം ചെയ്തതെന്നും മോര്‍ച്ചറിയില്‍ സ്ഥിരമായി പ്രവര്‍ത്തകര്‍ ഇപ്പോഴും സേവനം ചെയ്യുന്നതായും വോളന്റിയര്‍ ജില്ല കോഓഡിനേറ്റര്‍ ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. ഇതിന് ശേഷമാണ് ഹനീഫ കാവനൂരിന്റെ നേതൃത്വത്തിലുള്ള 60 അംഗസംഘം വയനാട്ടിലേക്കു തിരിച്ചത്.

Tags: