കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷം; പോലിസ് ആത്മ പരിശോധന നടത്തണം-മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2023-11-28 11:37 GMT

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷം ഉള്ളതിനോടൊപ്പം സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്തതില്‍ പോലിസ് ആത്മ പരിശോധന നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. സംസ്ഥാനത്തൊട്ടാകെ അന്വേഷണം നടക്കുന്നതിനിടയില്‍ നിരവധി അന്വേഷണ ഉദ്യോഗസ്ഥ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതിന്റെ തൊട്ടടുത്ത് കുട്ടിയെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞത് പോലിസിന്റെ വീഴ്ചയാണ്. പോലിസിന്റെ കാര്യക്ഷമതയില്‍ മേനി പറയുമ്പോഴും കുറ്റവാളികള്‍ രക്ഷപ്പെട്ടു എന്ന് പറയുന്നത് ഞെട്ടിക്കുന്നതാണ്. മൂന്ന് പ്രധാന പാതകളിലൂടെ മാത്രമേ കൊല്ലം നഗരത്തിലേക്ക് എത്താന്‍ കഴിയൂ. ഇത്രയും കര്‍ശനമായ വാഹന പരിശോധനകള്‍ക്കും അന്വേഷണത്തിനും ഇടയില്‍ പട്ടാപ്പകല്‍ എങ്ങനെയാണ് അവര്‍ കൊല്ലം നഗരത്തിലേക്ക് എത്തിയത് എന്ന് പോലിസ് കണ്ടെത്തണം. കാമറകളെ ആശ്രയിക്കുന്നതിനപ്പുറത്ത് ശക്തമായ അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.

Tags:    

Similar News