തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണം; നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം: എസ് ഡിപി ഐ

Update: 2023-06-12 14:24 GMT

കണ്ണൂര്‍: തെരുവുനായകളുടെ ആക്രമണത്തില്‍ മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാല്‍ എന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മരണപ്പെട്ട സംഭവം അധികാരികളുടെ കണ്ണ് തുറപ്പിക്കണമെന്ന് എസ്ഡിപി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. തികച്ചും വേദനാജനകവും അതിലേറെ ദുഖകരവുമായ സംഭവമാണ് നിഹാലിന്റെ മരണം. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി പല സ്ഥലങ്ങളും മാറിയിട്ടുണ്ട്. കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്നവര്‍ക്ക് പോലും നടന്നുപോവാന്‍ കഴിയാത്ത വിധം തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമായി മാറിയിട്ടുണ്ട്. അനാവശ്യമായ മൃഗസ്‌നേഹത്തിന്റെ പേരുപറഞ്ഞ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നത് പോലും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ദൂഷ്യഫലമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എബിസി പദ്ധതി പോലും വേണ്ടത്ര ഫലപ്രദമാവുന്നില്ല. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. സ്‌കൂള്‍ തുറന്നതോടെ കുട്ടികളാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരകളാവുന്നത്. ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. അകാലത്തില്‍ പൊലിഞ്ഞുപോയ നിഹാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. നിഹാലിന്റെ മരണത്തില്‍ നിന്നെങ്കിലും പാഠം പഠിച്ച് തെരുവുനായ്ക്കളുടെ ആക്രമണം ഇല്ലാതാക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടല്‍ നടത്തണമെന്നും എസ്ഡിപി ഐ ആവശ്യപ്പെട്ടു. മരണപ്പെട്ട നിഹാലിന്റെ വീട് എസ് ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, മണ്ഡലം പ്രസിഡണ്ട് മുസ്തഫ കൂടക്കടവ്, സെക്രട്ടറി ഷംസീര്‍ പി ടി വി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

Tags:    

Similar News