സ്ഥാനാര്‍ഥിത്വം കിട്ടാത്ത യുഡിഎഫ് നേതാക്കള്‍ മുന്‍കൂര്‍ജാമ്യം എടുക്കുന്നു: എസ് ഡിപിഐ

വേങ്ങരയില്‍ ജനപ്രതിനിധിയുടെ ജനങ്ങളോടുള്ള വെല്ലുവിളിയില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്.

Update: 2021-03-20 11:45 GMT

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ എസ്ഡിപിഐക്ക് സിപിഎമ്മുമായി രഹസ്യ ധാരണയുണ്ടെന്ന യുഡിഎഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആരോപണം ശുദ്ധഅസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുന്നില്ല. അതിനു പാര്‍ട്ടിക്ക് അതിന്റേതായ കാരണങ്ങള്‍ ഉണ്ട്. മലപ്പുറം പാര്‍ലിമെന്റ് മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഗൗരവമായ ഒരു മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പാര്‍ട്ടി. വേങ്ങരയില്‍ ജനപ്രതിനിധിയുടെ ജനങ്ങളോടുള്ള വെല്ലുവിളിയില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. മലപ്പുറം ലോകസഭാ മണ്ഡലത്തിലെ മറ്റ് അസംബ്ലി മണ്ഡലങ്ങളിലൊന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല. പാര്‍ട്ടിക്ക് രഹസ്യ ധാരണയല്ല പരസ്യ ധാരണയാണ് എല്ലാ കാലത്തും എല്ലാ കാര്യത്തിലുമുള്ളത്. ബിജെപി ഒഴികയെയുള്ള ആരുമായും ധാരണയിലേര്‍പ്പെടുമെന്നതാണ് പാര്‍ട്ടി നയം. സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ വിജയ സാധ്യതയുള്ളവരെ സഹായിക്കും. ആ നിലപാട് ഇനിയും തുടരും.

കോണ്‍ഗ്രസുമായോ സിപിഎമ്മുമായോ ലീഗുമായോ സിപിഐയുമായോ തിരെഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് മഹാ പരാധമായി എസ്ഡിപിഐ കാണുന്നില്ല. കൊണ്ടോട്ടിയില്‍ മാത്രമായി സിപിഎമ്മുമായി പാര്‍ട്ടി ധാരണയുണ്ടാക്കിയതിന്റെ തെളിവുകള്‍ പുറത്ത് വിടാന്‍ യുഡിഎഫ് തെയ്യാറാവണം. എസ്ഡിപിഐ നിര്‍ബന്ധമായും കൊണ്ടോട്ടിയില്‍ മത്സരിക്കേണ്ട പാര്‍ട്ടിയാണെന്ന് സമ്മതിച്ചതില്‍ സന്തോഷമുണ്ട്. തങ്ങളുടെ ഏത് പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചതെന്ന് യുഡിഎഫ് പറയണം. ഇടനിലക്കാരനായ സിപിഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ പേര് പറയാനും അവര്‍ തയ്യാറാവണം.

പാര്‍ട്ടി ഇത്തവണ 43 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. മത്സരിക്കാത്ത സ്ഥലങ്ങളില്‍ ആരെ പിന്തുണക്കണമെന്ന് പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി തീരുമാനിക്കുകയാണ് പതിവ്. കൊണ്ടോട്ടി ഉള്‍പ്പെടെ പിന്തുണക്കുന്നവരെ അടുത്ത് തന്നെ തീരുമാനിക്കും ആവശ്യമെങ്കില്‍ അത് പരസ്യപ്പെടുത്തുകയും ചെയ്യും. എസ്ഡിപിഐക്ക് മത്സരിക്കാന്‍ അവകാശമുള്ളത് പോലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാതെയിരിക്കാനും അവകാശമുണ്ടെന്ന് യുഡിഎഫ് മനസിലാക്കണം. അവര്‍ പറഞ്ഞു.

2016ലും 2021ലും സീറ്റ് ലഭിക്കാതെ പോയ പ്രമുഖ ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ ഇടതു സ്ഥാനാര്‍ഥിയുമായുമായി നടത്തിയ രഹസ്യ ഇടപാടുകള്‍ പുറത്താകുമെന്ന ഘട്ടത്തിലാണ് എസ്ഡിപിഐ യുടെ മേല്‍ യുഡിഎഫ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞതിന്റെ പിന്നിലും ചില വിമതപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ടി വി ഇബ്രാഹീം പരാജയപെടുകയാണെങ്കില്‍ തങ്ങള്‍ക്ക് അതില്‍ ഉത്തരവാദിത്തം ഇല്ലന്ന് മുന്‍കൂര്‍ ജ്യാമ്യം എടുക്കുകയാണ് യുഡിഎഫ് നേതാക്കള്‍. ദീര്‍ഘകാലം എല്‍ഡിഎഫില്‍ പ്രവര്‍ത്തിച്ചശേഷം ലീഗില്‍ ചേര്‍ന്ന ഒരു പൊന്നാട്കാരനായ നേതാവും ഈ നീക്കത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടര്‍മാരില്‍ എസ്ഡിപിഐക്ക് അനുകൂലമായി ഉയര്‍ന്നു വരുന്ന മനോഭാവം തടയാനുള്ള ബോധപൂര്‍വമായ ഗൂഡാലോചനയാണ് വ്യാജ ആരോപണത്തിന് പിന്നിലുള്ളത്-നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ഇക്‌റാമുല്‍ ഹഖ്, കൊണ്ടോട്ടി മണ്ഡലം തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ നവാസ് എളമരം, കണ്‍വീനര്‍ നൗഷാദ് എറിയാട്ട്, മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ ഹക്കീം, പി ടി അബ്ദുറഹിമാന്‍ പങ്കെടുത്തു.

Tags: