കണ്ണൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ആരാധനാലയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ വഴി തടഞ്ഞുള്ള അനധികൃത നിര്‍മ്മാണത്തിനെതിരെയുള്ള ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്നതാണ് ആക്രമണത്തിന് കാരണം എന്ന് കരുതുന്നു.

Update: 2019-01-23 04:56 GMT

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും, മന്ന മഹല്ല് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും ആയ ബി പി അബ്ദുല്ല മന്നയുടെ വീടിന് നേരെ അക്രമം. ഇന്ന് പുലര്‍ച്ചെ 2:45 ന് ആയിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. മന്നയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ആരാധനാലയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ വഴി തടഞ്ഞുള്ള അനധികൃത നിര്‍മ്മാണത്തിനെതിരെയുള്ള ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്നതാണ് ആക്രമണത്തിന് കാരണം എന്ന് കരുതുന്നു. വഴിമുടക്കിയുള്ള അനധികൃത നിര്‍മാണത്തിനെതിരേ അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കലക്്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുത്ത പരാതിയില്‍ നടപടിയാകാത്തതിനെ തുടര്‍ന്ന് ഇന്നലെ നാട്ടുകാര്‍ വീണ്ടും സബ് കലക്്ടറെ സമീപിച്ചു. പരാതി സ്വീകരിച്ച തലശ്ശേരി സബ് കലക്്ടര്‍ പരാതി തഹസില്‍ദാര്‍ക്ക് കൈമാറിയിരുന്നു. പരാതി കൊടുത്തതിലുള്ള പ്രകോപനമാകാം ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വളപ്പട്ടണം പോലിസില്‍ പരാതി നല്‍കി. വീടാക്രമണത്തിനെതിരേ ഇന്ന് വൈകീട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ മന്നയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്.

Tags: