എസ് ഡിപിഐ പ്രതിനിധി സംഘം കശ്മീര്‍ സന്ദര്‍ശിച്ചു; 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചു

എസ് ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, സെക്രട്ടറി സീതാറാം കൊയ് വാള്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. സപ്തംബര്‍ 24 മുതല്‍ 26 വരെ കശ്മീരിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്താണ് സംഘം മടങ്ങിയത്.

Update: 2019-10-04 18:16 GMT

ശ്രീനഗര്‍: ഭരണഘടന ഉറപ്പുനല്‍കിയ പ്രത്യേകാവകാശം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണം തുടരുന്ന ജമ്മു കശ്മീരില്‍ എസ് ഡിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. എസ് ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, സെക്രട്ടറി സീതാറാം കൊയ് വാള്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. സപ്തംബര്‍ 24 മുതല്‍ 26 വരെ കശ്മീരിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്താണ് സംഘം മടങ്ങിയത്.

    രാഷ്ട്രപതിയുടെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും 35 എ വകുപ്പ് എടുത്തുകളയുകയും ചെയ്ത ശേഷം കഴിഞ്ഞ 50 ദിവസത്തിലേറെയായി പൂര്‍ണമായും ഒറ്റപ്പെട്ട കശ്മീര്‍ താഴ്‌വരയിലെ വിവിധ സ്ഥലങ്ങളില്‍നിന്നു പ്രതിനിധി സംഘം നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഫോണും ഇന്റര്‍നെറ്റും ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയും ബിജെപി ഒഴികെയുള്ള വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ തടങ്കലിലിടുകയുമാണ് ചെയ്തിട്ടുള്ളത്. തൊഴിലാളികളെയും വിദ്യാര്‍ഥികളെയും വിനോദസഞ്ചാരികളെയുമെല്ലാം താഴ് വരയില്‍നിന്ന് നിര്‍ബന്ധിച്ച് പുറത്താക്കുകയായിരുന്നു. ഹോട്ടലുകളും മറ്റും പൊടുന്നനെ അടച്ചിടുകയും വന്‍തോതില്‍ സൈനികരെയം അര്‍ധസൈനികരെയും നിയോഗിക്കുകയും ചെയ്തു. പതിനായിരക്കണക്കിനു കൗമാരക്കാരും സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും ഡോക്ടര്‍മാരുമെല്ലാം ജമ്മു കശ്മീരിനു പുറത്തുള്ള ജയിലുകളില്‍ അടക്കപ്പെട്ടിരിക്കുകയാണ്. തടങ്കലിലാക്കുന്ന പ്രവൃത്തി ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ മനുഷ്യത്വവിരുദ്ധവും കടുപ്പമേറിയതുമാവുകയാണ്. ഉദാഹരണത്തിന്, ഹോട്ടല്‍ സെന്റോറില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെ കൂടുതല്‍ കടുത്ത നടപടികള്‍ക്കു വേണ്ടി കൊണ്ടുപോവുകയായിരുന്നു. ഉത്തരവാദിത്തമുള്ള ഒരു സംഘടനയെന്ന നിലയില്‍ ജമ്മു കശ്മീരിലെ സമാധാനം സ്വാഭാവിക ജീവതവും ഉടനടി പുനസ്ഥാപിക്കാന്‍ വേണ്ടി അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് എസ്ഡിപിഐ ആവശ്യപ്പെടുന്നതെന്ന് സംഘം ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുന്നതില്‍ നിന്ന് പരാജയപ്പെടുത്താന്‍ അടിയന്തിരമായി സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണം.


    കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ 12 ഇന ആവശ്യങ്ങളും എസ് ഡിപി ഐ പ്രതിനിധി സംഘം ഉന്നയിച്ചു. 2019 ആഗസ്ത് അഞ്ചിനു മുമ്പുള്ളതുപോലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കുക, തടങ്കലില്‍ വച്ചിട്ടുള്ള 13000ത്തോളം കുട്ടികളെയും കൗമാരക്കാരെയും ഉടനടി വിട്ടയക്കുക, ആഗസ്ത് 5നും അതിനുശേഷവും തടവിലാക്കപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും മറ്റു തടവുകാരെയും ഉടന്‍ മോചിപ്പിക്കുക, താഴ് വരയിലെ മാര്‍ക്കറ്റുകളില്‍ മരുന്നും അവശ്യവസ്തുക്കളും ഉറപ്പുവരുത്തുക, ജാമിഅ മസ്ജിദും ഹസ്രത്ത് ബാല്‍ ദര്‍ഗയും ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക, പഴം-ഉണങ്ങിയ പഴം-കരകൗശല വസ്തുക്കള്‍ എന്നിവയുടെ വ്യാപാരം സുഗമമാക്കുക, ജമ്മുവിലും കശ്മീരിലും സംസ്ഥാനപദവി പുന സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തുക, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370/35 എ എന്നിവ പുനസ്ഥാപിക്കാനുള്ള പ്രഖ്യാപനം നടത്തുക, വന്‍തോതില്‍ വിന്യസിച്ച സായുധ സേനയെ ബാരക്കുകളിലേക്കും അതിര്‍ത്തിയിലേക്കും തിരിച്ചുവിളിക്കുക, റോഡുകളിലും പ്രദേശങ്ങളിലും വിന്യസിച്ച പാരാ മിലിട്ടറി സേനയുടെ എണ്ണം കുറയ്ക്കുക, ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ കാലതാമസമില്ലാതെ പുനരുജ്ജീവിപ്പിക്കുകയും ജമ്മു കശ്മീര്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പ്രവേശന ഉടമ്പടിയിലെ തത്വങ്ങള്‍ മാനിക്കുകയും ചെയ്യുക, ശ്രീനഗറില്‍ അന്താരാഷ്ട്ര വിമാനത്താവളം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എസ് ഡിപി ഐ പ്രതിനിധി സംഘം ഉന്നയിച്ചത്.




Tags:    

Similar News