എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച് 20ന് കോഴിക്കോട് ജില്ലയില്‍

വൈകീട്ട് 4ന് വടകര നാദാപുരം റോഡില്‍ നിന്ന് ആരംഭിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് 7 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് നിരവധി ചരിത്രങ്ങള്‍ക്ക് സാക്ഷിയായ വടകര കോട്ടപ്പറമ്പില്‍ പൊതുസമ്മേളനത്തോടെ സമാപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2020-01-18 13:44 GMT

വടകര: 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം രാജ്ഭവനിലേക്ക് എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് 20ന് (തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ എത്തും. ജനുവരി 17ന് കാസര്‍കോഡ് നിന്നാരംഭിച്ച് ഫെബ്രുവരി 01ന് തിരുവനന്തപുരത്ത് രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും മാര്‍ച്ച് കടന്നുപോകും. വൈകീട്ട് 4ന് വടകര നാദാപുരം റോഡില്‍ നിന്ന് ആരംഭിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് 7 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് നിരവധി ചരിത്രങ്ങള്‍ക്ക് സാക്ഷിയായ വടകര കോട്ടപ്പറമ്പില്‍ പൊതുസമ്മേളനത്തോടെ സമാപിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളെ മാര്‍ച്ചില്‍ അണിനിരക്കും. സിറ്റിസണ്‍സ് മാര്‍ച്ചിനോടനുബന്ധിച്ച് മണ്ഡലം തലങ്ങളില്‍ വാഹനജാഥ, ലഘുലേഖ വിതരണം, തെരുവുനാടകം, ഓപ്പണ്‍ ഫോറം ഗൃഹസമ്പര്‍ക്ക പരിപാടി എന്നിവ സംഘടിപ്പിക്കും. രാജ്യത്തിന്റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരായി നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധ മുന്നേറ്റമായി വടകരയിലെ സിറ്റിസണ്‍ മാര്‍ച്ച് മാറും.

വടകര കോട്ടപ്പറമ്പില്‍ നടക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് സമാപന പൊതു യോഗം ഉത്തര്‍പ്രദേശ് മുന്‍ എം പി ഉബൈദുല്ല ഖാന്‍ ആസ്മി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കള്‍ക്ക് പുറമെ പ്രക്ഷോഭ രംഗത്തുള്ള പ്രധാന വ്യക്തിത്വങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും പങ്കെടുക്കും.

കോഴിക്കോട് ജില്ലയില്‍ പൗരത്വ ഭേദഗതിക്ക് എതിരെ നടക്കുന്ന പരിപാടികളില്‍ സിറ്റിസണ്‍സ് മാര്‍ച്ച് നിര്‍ണായക വഴിത്തിരിവാകും.മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാ സംഘം അവതരിപ്പിക്കുന്ന മേരേ പ്യാരേ ദേശ് വാസിയോം' തെരുവ് അരങ്ങ് ഉണ്ടാവും. വാര്‍ത്ത സമ്മേളനത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി,വടകര മണ്ഡലം പ്രസിഡന്റ് നിസാം പുത്തൂര്‍, വടകര മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍ പങ്കെടുത്തു.

Tags:    

Similar News