ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Update: 2023-12-23 05:55 GMT

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കെ കെ ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച കേസിലാണ് നടപടി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. സി കെ രമേശന്‍, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം ഷഹന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന, ദേവഗിരി കളപ്പുരയില്‍ കെ ജി മഞ്ജു എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍. ഇവര്‍ക്കെതിരേ കുറ്റപത്രം നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അനുമതി നല്‍കിയത്. കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിക്കും.

    2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഹര്‍ഷിന സിറ്റി പോലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്റ്റ് പ്രകാരം മെഡിക്കല്‍ കോളജ് പോലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എസിപി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. ഹര്‍ഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന നാലുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവരുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഐപിസി 338 പ്രകാരം നാല് പേരെയും പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. 2 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. സംഭവത്തില്‍ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ്, സെക്രട്ടേറിയറ്റ് എന്നിവയ്ക്കു മുന്നിലെല്ലാം ആഴ്ചകള്‍ നീണ്ട സമരം നടത്തിയിരുന്നു.

Tags: