പെണ്‍കുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ചു; അധ്യാപകനെതിരേ പോക്‌സോ കേസ്, അറസ്റ്റ്

കുട്ടിയുടെ സമ്മതമില്ലാതെ ചേര്‍ത്ത് പിടിച്ച് ഇയാള്‍ മുഖത്ത് കേക്ക് തേക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Update: 2021-09-12 14:07 GMT

ബറേലി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ച അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അന്‍പത്തിയേഴുകാരനായ പ്രൈമറി ഇംഗ്ലീഷ് മീഡിയം അധ്യാപകനെയാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലിസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ സമ്മതമില്ലാതെ ചേര്‍ത്ത് പിടിച്ച് ഇയാള്‍ മുഖത്ത് കേക്ക് തേക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അധ്യാപകനെതിരേ കേസ് എടുത്തതും അറസ്റ്റ് ചെയ്തതും. സംഭവത്തിന് പിന്നാലെ അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തു.

സെപ്റ്റംബര്‍ അഞ്ചിന് അധ്യാപകദിനത്തോടനുബന്ധിച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പോലിസ് പറഞ്ഞു. സ്‌കൂളില്‍ വച്ചായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് വീഡിയോ സഹിതം നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും കോടതി റിമാന്റ് ചെയ്ത ഇയാളെ ജയിലില്‍ അടച്ചതായും പോലിസ് പറഞ്ഞു. എന്നാല്‍, സ്‌കൂളില്‍ തങ്ങളുടെ അറിവോടെ ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്നും ആ ആധ്യാപകനെതിരേ നടപടി സ്വീകരിച്ചെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.


Tags:    

Similar News