മെക്‌സിക്കോ: പാലം തകര്‍ന്ന് മെട്രോ ട്രെയിന്‍ നിലംപതിച്ചു; 20 പേര്‍കൊല്ലപ്പെട്ടു, 70 പേര്‍ക്ക് പരിക്ക് (വീഡിയോ)

മെക്‌സിക്കോ നഗരത്തില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് മെട്രോ ബീം തകര്‍ന്നുവീഴുകയായിരുന്നു

Update: 2021-05-04 09:23 GMT

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പാലം തകര്‍ന്ന് ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിന്‍ നിലംപതിച്ചുണ്ടായ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 20 കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു. മെക്‌സിക്കോ നഗരത്തില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് മെട്രോ ബീം തകര്‍ന്നുവീഴുകയായിരുന്നു. ട്രെയിന്‍ കടന്നുപോവുന്ന സമയത്താണ് ബീം തകര്‍ന്നത്. ട്രെയിന്‍ നേരെ താഴേ ആള്‍ക്കൂട്ടത്തിലേക്കു പതിക്കുകയായിരുന്നു.

നഗരത്തിന്റെ തെക്കുകിഴക്കുള്ള ഒലിവോസ് സ്‌റ്റേഷന് സമീപം രാത്രി 10.30 ഓടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ കോച്ചുകള്‍ ഉഗ്ര ശബ്ദത്തോടെ താഴേക്ക് നിലം പതിക്കുന്നതും തുടര്‍ന്ന് പൊടിപടലമുയരുന്നതിന്റേയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനലായ മിലേനിയോ ടിവി പുറത്തുവിട്ടിട്ടുണ്ട്.

പതിനാറ് അടി ഉയരത്തിലായിരുന്നു മെട്രോ പാത. ഇതിനു താഴേ ട്രെയിന്‍ വീഴുകയായിരുന്നു. റോഡിലെ മീഡിയനു മേലാണ് ട്രെയിന്‍ വീണത് എന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പോവുന്ന സമയത്ത് മെട്രോയുടെ ബീം തകരുകയായിരുന്നുവെന്ന് മേയര്‍ ഷെയിന്‍ബോം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

Tags:    

Similar News