ശാഹീന്‍ ബാഗ് ഒഴിപ്പിക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

'പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കാമെന്ന് പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് എന്തിനാണ് ഞങ്ങള്‍ ഇത് കേള്‍ക്കുന്നത്. എന്തിന് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കണം'. സുപ്രീം കോടതി ചോദിച്ചു.

Update: 2020-02-07 09:48 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ ശാഹീന്‍ ബാഗില്‍ രാപ്പകല്‍ കുത്തിയിരിപ്പ് സമരം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഫെബ്രുവരി എട്ടിന് ഡല്‍ഹി തിരഞ്ഞെടുപ്പ് നടക്കുമെന്നും അതിനാല്‍ ഇക്കാര്യം അടിയന്തിരമായി കേള്‍ക്കണമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരിലൊരാള്‍ പറഞ്ഞു.

'പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് ഹര്‍ജി തിങ്കളാഴ്ച കേള്‍ക്കാമെന്ന് പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് എന്തിനാണ് ഞങ്ങള്‍ ഇത് കേള്‍ക്കുന്നത്. എന്തിന് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കണം'. ബെഞ്ച് തിരിച്ചുചോദിച്ചു.

'പ്രശ്‌നമുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ അത് തിങ്കളാഴ്ച പരിഗണിക്കും. അപ്പോഴേക്കും സ്ഥിതിഗതികള്‍ മെച്ചപ്പെടും'. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെതിരെയും ശാഹീന്‍ ബാഗില്‍ നൂറുകണക്കിന് സ്ത്രീകള്‍ രാപ്പകല്‍ സമരത്തിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതലാണ് പ്രതിഷേധം ആരംഭിച്ചത്. ഇവര്‍ക്കെതിരെ ഹിന്ദുത്വരുടെ ഭാഗത്ത് നിന്ന് പലതരത്തിലുള്ള അക്രമങ്ങളും നടന്നിരുന്നു.

ശാഹീന്‍ ബാഗ് ചാവേര്‍ ആക്രമണത്തിന് പരിശീലനം നല്‍കുന്ന ഇടമാണെന്നും രാജ്യ തലസ്ഥാനത്ത് രാജ്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ റാലികളില്‍ നിരവധി ബിജെപി നേതാക്കള്‍ ശാഹീന്‍ ബാഗിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ശാഹീന്‍ ബാഗ് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ശാഹീന്‍ ബാഗിനോടുള്ള വെറുപ്പ് ഫെബ്രുവരി എട്ടിന് വോട്ടിങ് യന്ത്രത്തില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ കാണിക്കണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

ശാഹീന്‍ ബാഗ്, ജാമിയ, സീലാംപൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമായിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.

Tags:    

Similar News