കര്‍ണാടക: അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് എംഎല്‍എമാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിടുണ്ട്.

Update: 2019-09-23 09:39 GMT

ന്യൂഡല്‍ഹി: കര്‍ണാടയില്‍ അയോഗ്യരാക്കപ്പെട്ട 17 വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. രാജിവച്ച എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരേയാണ് എംഎല്‍എമാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ഈ 17 എംഎല്‍എമാരുടെ രാജി എച്ച് ഡി കുമാരസ്വാമിയുടെ സര്‍ക്കാരിനെ താഴെയിറക്കിയിരുന്നു. മുന്‍ സ്പീക്കര്‍ രമേശ് കുമാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് എംഎല്‍എമാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിടുണ്ട്.

കുമാരസ്വാമി സര്‍ക്കാര്‍ വീണതോടെ മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ എംഎല്‍എമാരെ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കിയിരുന്നു. സ്പീക്കറുടെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല.

രാജിവച്ച എംഎഎല്‍എമാരുടെ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് വിഷയം വചര്‍ച്ച ചെയ്തിരുന്നു. സ്പീക്കര്‍ നീതിപൂര്‍വമായല്ല പ്രവര്‍ത്തിച്ചതെന്നും കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവാണ് പ്രതീക്ഷിക്കുന്നതെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ 15 നിയമസഭ സീറ്റുകളിലേക്ക് ഉള്‍പ്പടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നത്തെ കോടതി ഉത്തരവ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് നിര്‍ണായകമാണ്. ഒക്ടോബര്‍ 21 നാണ് സംസ്ഥാനത്തെ 15 നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. കോടതി പരിഗണനയിലാതിനാല്‍ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

Tags:    

Similar News