ബാബരി വിധി പുനപ്പരിശോധന ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Update: 2019-12-12 01:07 GMT

ന്യൂഡല്‍ഹി: ബാബരി ഭൂമി രാമ ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കി കൊണ്ടുള്ള നവംബര്‍ 9ലെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഉച്ചയ്ക്കു ഒന്നരയ്ക്കു ശേഷമായിരിക്കും ഹരജികള്‍ പരിഗണിക്കുക. നവംബര്‍ 9ന് വിധി പുറപ്പെടുവിച്ച 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമല്ലാത്ത ഏക ജഡ്ജിയാണ് ജസ്റ്റിസ് ഖന്ന. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിച്ച ഒഴിവിലാണ് ഖന്നയെ ഉള്‍പ്പെടുത്തിയത്.

18 ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്കു വരുന്നത്. ഇതില്‍ ഒമ്പത് ഹരജികള്‍കേസില്‍ നേരത്തേ കക്ഷികളായവരുടേതും ഒമ്പതെണ്ണം പുതുതായി നല്‍കിവരുടേതുമാണ്. ഡിസംബര്‍ രണ്ടിനാണ് ബാബരി വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആദ്യ അപേക്ഷ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. ജംഇയത്തുല്‍ ഉലമാ എ ഹിന്ദ് ഉത്തര്‍ പ്രദേശ് അധ്യക്ഷനും കേസിലെ യഥാര്‍ത്ഥ വ്യവഹാരിയായ എം സിദ്ധീഖിയുടെ നിയമപരമായ അവകാശിയുമായ മൗലാന അഷ്ഹദ് റാഷിദിയാണ് ആദ്യം ഹരജി സമര്‍പ്പിച്ചത്. ഡിസംബര്‍ ആറിന് കേസില്‍ പുനപ്പരിശോധന ആവശ്യപ്പെട്ട് ആറു ഹരജികള്‍ കൂടി ഫയല്‍ ചെയ്തു. ഡിസംബര്‍ ഒമ്പതിന് അഖില ഭാരത ഹിന്ദു മഹാ സഭയുടേത് ഉള്‍പ്പെടെ രണ്ടു ഹരജികള്‍ കൂടി ഫയല്‍ ചെയ്തു. ബാബരി കേസിലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക വിദഗ്ധരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹര്‍ജികളില്‍ പറയുന്നു.

മുസ്‌ലിം കക്ഷികള്‍ക്ക് മസ്ജിദ് നിര്‍മ്മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും ഹരജി നല്‍കിയിട്ടുണ്ട്.

Tags:    

Similar News