ശാഹീന്‍ബാഗ് സമരത്തിനിടെ കുഞ്ഞ് മരിച്ച സംഭവം: സുപ്രിം കോടതി കേസെടുത്തു

സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ധീരതക്കുളള പുരസ്‌കാരം നേടിയ 12 വയസുകാരി സെന്‍ ഗുണ്‍രതന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Update: 2020-02-07 18:04 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ശാഹീന്‍ബാഗില്‍ നടന്നുവരുന്ന കുത്തിയിരിപ്പ് സമരത്തിനിടെ കുട്ടി മരിച്ച സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ധീരതക്കുളള പുരസ്‌കാരം നേടിയ 12 വയസുകാരി സെന്‍ ഗുണ്‍രതന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുന്നതില്‍ മാതാപിതാക്കളും ശാഹീന്‍ബാഗ് സമരത്തിന്റെ സംഘാടകരും പരാജയപ്പെട്ടതായി സെന്‍ ഗുണ്‍രതന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നു. കുട്ടികളെ സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് കത്ത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേസ് ഫെബ്രുവരി 10ന് പരിഗണിക്കും.

ശാഹീന്‍ബാഗിലെ പ്രതിഷേധക്കാരില്‍ ഒരാളായിരുന്ന നാസിയ എന്ന യുവതിയുടെ മകന്‍ മുഹമ്മദ് ജഹാനാണ് 30ന് മരിച്ചത്. വീട്ടില്‍ കുഞ്ഞിനെ വിശ്വസിച്ചേല്‍പ്പിച്ചു പോരാന്‍ പറ്റിയ ആരും തന്നെ ഇല്ലാതിരുന്നതുകൊണ്ടാണ് നാസിയ അവനെയും പന്തലിലേക്ക് കൂട്ടിയത് എന്നായിരുന്നു വിശദീകരണം. ചുരുങ്ങിയ നാളുകള്‍ക്കകം തന്നെ അവന്‍ അവിടെ എല്ലാവരുടെയും പൊന്നോമനയായി മാറിയിരുന്നു.

ശാഹീന്‍ ബാഗില്‍ രാത്രി ഒരുമണി വരെ സമരപ്പന്തലില്‍ ഇരുന്ന് തിരികെവന്ന ശേഷം മാതാവ് നാസിയ വീട്ടില്‍ മൂത്ത കുഞ്ഞുങ്ങള്‍ക്കൊപ്പം ഉറക്കി കിടത്തിയ ജഹാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.സമരപ്പന്തലില്‍ വച്ച് കുഞ്ഞിന് അതിശൈത്യത്തെ തുടര്‍ന്ന്, ജലദോഷവും പനിയും ചുമയും മൂലമാണ് കുഞ്ഞു മരിച്ചത്.


Tags:    

Similar News