ഹൈദരാബാദ് ഏറ്റുമുട്ടല്‍ കേസ്: സുപ്രിം കോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും
വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട സംഭവമാണ് ഇതെന്ന് ഇന്നലെ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അഭിപ്രായപ്പെട്ടിരുന്നു.
ന്യൂഡല്‍ഹി: ഹൈദരാബാദില്‍ കൂട്ടബലാല്‍സംഗ കൊലപാതക കേസില്‍ പ്രതികളായ നാലു പേരെ പോലിസ് 'ഏറ്റുമുട്ടിലില്‍' കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് സുപ്രീംകോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.
വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട സംഭവമാണ് ഇതെന്ന് ഇന്നലെ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അഭിപ്രായപ്പെട്ടിരുന്നു. കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. തെലങ്കാന ഹൈക്കോടതി കൂടി കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള അന്വേഷണമാകും വിരമിച്ച സുപ്രീം കോടതി ജഡ്ജി നടത്തുക. ദിശ കൊലപാതകക്കേസ് പ്രതികളായ നാല് പേര്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് പോലിസ് ഭാഷ്യം.
സംഭവത്തില്‍ നേരത്തെ തന്നെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു. നീതി പ്രതികാരത്തിന് വേണ്ടിയല്ലെന്നായിരുന്നു ജസ്റ്റിസ് ബോബ്‌ഡേയുടെ പരാമര്‍ശം. തല്‍ക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും അതിന് സമയമെടുക്കുമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഓര്‍മ്മപ്പെടുത്തിയിരുന്നു.ഹൈദരാബാദ് പോലിസിന്റെ ഏറ്റുമുട്ടല്‍ കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.