മമതാ-സിബിഐ പോര്; അടിയന്തരമായി കേള്‍ക്കില്ല; സിബിഐ ആവശ്യം തള്ളി

Update: 2019-02-04 06:08 GMT

ന്യൂഡല്‍ഹി: ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം മമതാ സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സിബിഐ സമര്‍പ്പിച്ച ഹരജി അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിംകോടതി. കേസ് വിശദമായി നാളെ രാവിലെ പത്തരയ്ക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. അപേക്ഷയില്‍ കാര്യമായി ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ കോടതി, തെളിവ് ഹാരജാക്കിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും സിബിഐക്ക് നിര്‍ദേശം നല്‍കി. ബംഗാളില്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും മമതാ സര്‍ക്കാര്‍ അന്വേഷണം തടസപ്പെടുത്തുന്നുവെന്നുമാണ് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത വാദിച്ചത്. അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ കോടതിയുടെ സഹായം വേണമെന്നും അദ്ദേഹം വാദിച്ചു. അതേസമയം സിബിഐ ആരോപണം അടിസ്ഥാനരഹിതമെന്നാണ് ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേഖ് സിങ്‌വി സുപ്രീംകോടതിയില്‍ പറഞ്ഞത്. എല്ലാ വാദങ്ങളും നാളെ ആകാമെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.

Tags: