പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തിയ്യതി സുപ്രിം കോടതി ആഗസ്ത് 31ലേക്ക് നീട്ടി

അതേ സമയം, 20 ശതമാനം സാംപിളുകള്‍ പുനപ്പരിശോധിക്കാന്‍ അനുമതി വേണമെന്ന ആവശ്യം കോടതി തള്ളി. പൗരത്വ പട്ടികയില്‍ തെറ്റായി ഉള്‍പ്പെടുത്തിയവരെയും ഒഴിവാക്കിയവരെയും കണ്ടെത്തുന്നതിന് പുനപ്പരിശോധന അനുവദിക്കണമെന്ന് കേന്ദ്രവും അസം സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

Update: 2019-07-23 13:01 GMT

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി) പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന തിയ്യതി സുപ്രിം കോടതി ഒരു മാസം നീട്ടി. ആഗസ്ത് 31ന് അകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. അതേ സമയം, 20 ശതമാനം സാംപിളുകള്‍ പുനപ്പരിശോധിക്കാന്‍ അനുമതി വേണമെന്ന ആവശ്യം കോടതി തള്ളി. പൗരത്വ പട്ടികയില്‍ തെറ്റായി ഉള്‍പ്പെടുത്തിയവരെയും ഒഴിവാക്കിയവരെയും കണ്ടെത്തുന്നതിന് പുനപ്പരിശോധന അനുവദിക്കണമെന്ന് കേന്ദ്രവും അസം സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അസം എന്‍ആര്‍സി കോഓഡിനേറ്റര്‍ പ്രതീക് ഹലേജ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ സമര്‍പ്പിക്കാനുള്ളവര്‍ ആഗസത് 7ന് വൈകീട്ട് 3ന് സുപ്രിം കോടതിക്കു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ക്കായി നോട്ടീസ് പ്രസിദ്ധീകരിക്കാന്‍ സുപ്രിം കോടതി എന്‍ആര്‍സി കോഓഡിനേറ്ററോട് ആവശ്യപ്പെട്ടു.

ഇന്ത്യക്ക് ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമാവാന്‍ കഴിയില്ലെന്ന് ജൂലൈ 19ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രിംകോടതിയോട് വ്യക്തമാക്കിയിരുന്നു. പൗരത്വ പട്ടിക പൂര്‍ത്തിയാക്കുന്നതിന് ജൂലൈ 31 അന്തിമ തിയ്യതി നീട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന ജില്ലകളില്‍ നിരവധി അനധികൃത കുടിയേറ്റക്കാര്‍ പട്ടികയില്‍ കയറിപ്പറ്റിയിട്ടുണ്ടാവാമെന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍, തിയ്യതി നീട്ടാന്‍ കഴിയില്ലെന്ന നിലപാടാണ് കോടതി നേരത്തേ സ്വീകരിച്ചിരുന്നത്.

പ്രാദേശിക ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ലക്ഷക്കണക്കിന് പേര്‍ അനധികൃതമായി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത്. അതു കൊണ്ട് തന്നെ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന ജില്ലകളില്‍ 20 ശതമാനവും മറ്റു ജില്ലകളില്‍ 10 ശതമാനവും പേരുകള്‍ സാംപിള്‍ പുനപ്പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 17നാണ് സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാരിലെ ക്ലാസ് വണ്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഈ പരിശോധന നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക സ്വാധീനം ഒഴിവാക്കാന്‍ പുതിയ സ്ഥലത്ത് വച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശം വച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരെ ഒഴിവാക്കി അനധികൃത ബംഗ്ലാദേശി പൗരന്മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണിത്.

2017 ഡിസംബര്‍ 31നാണ് അസം എന്‍ആര്‍സിയുടെ ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.29 കോടി അപേക്ഷകരില്‍ 1.90 കോടി പേരാണ് ആദ്യ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. 

Tags:    

Similar News