'സവര്‍ക്കറുടെ മാപ്പ് ഗാന്ധിയുടെ നിര്‍ദേശപ്രകാരമല്ല'; രാജ്‌നാഥ് സിങിന്റെ പരാമര്‍ശത്തിനെതിരേ ഗാന്ധിയുടെ കൊച്ചുമകന്‍

ചരിത്രം ആവശ്യാനുസരണം തിരുത്തി എഴുതാനുള്ള മോശം ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Update: 2021-10-16 07:20 GMT

മുംബൈ: ഗാന്ധിജിയുടെ നിര്‍ദ്ദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചതെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ പരാമര്‍ശം തള്ളി ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി.ചരിത്രം ആവശ്യാനുസരണം തിരുത്തി എഴുതാനുള്ള മോശം ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാള ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സവര്‍കറുടെ പുസ്തകങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെങ്കിലും അത്തരം പുസ്തകങ്ങളുടെ ലക്ഷ്യം ഓര്‍ത്ത് വേണം പഠിപ്പിക്കാനെന്ന് കണ്ണൂര്‍ സവര്‍കലാശാലയിലെ സിലബസ് വിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.

ചരിത്രത്തെ ആവശ്യാനുസരണം മാറ്റി എഴുതാനുള്ള ബിജെപിയുടെ ശ്രമം മോശം നീക്കമാണ്. ഗാന്ധിജി ആവശ്യപ്പെട്ടാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതെന്ന് വാദം തെറ്റാണ്. മാപ്പപേക്ഷയില്‍ പിന്തുണ തേടി സവര്‍ക്കറുടെ സഹോദരന്‍ ഒരിക്കല്‍ ഗാന്ധിയെ വന്ന് കണ്ടിരുന്നു. മാപ്പപേക്ഷ നടത്തണം എന്നാണെങ്കില്‍ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞത്. പക്ഷേ അതിനുമുമ്പുതന്നെ 11 തവണ സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതാണ്. അതെല്ലാം മറച്ചുവെച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുകയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

Tags: