സൗദിയില്‍ നാടണയാനാവുക കരാര്‍ കാലാവധി തീര്‍ന്നവര്‍ക്ക്; വിശദീകരണവുമായി മന്ത്രാലയം

Update: 2020-04-01 18:27 GMT

ദമ്മാം: കൊവിഡ് 19ന്റെ ഭാഗമായി കര്‍ഫ്യൂ നിലനില്‍ക്കുമ്പോള്‍ സ്വന്തം ജന്മനാടുകളിലേക്കു തിരിച്ചുപോവാന്‍ കഴിയുക തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ച വിദേശ തൊഴിലാളികള്‍ക്കാണെന്ന് സൗദി സാമൂഹിക മാനവ വികസന മന്ത്രാലയം. രാജ്യത്ത് കര്‍ഫ്യ നിലനില്‍ക്കുമ്പോള്‍ തന്നെ നാടുകളിലേക്കു തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കു തിരിച്ചുപോവാന്‍ അവസരം ഒരുക്കുമെന്ന് സൗദി സാമൂഹിക-മാനവ-വികസന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിലാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

    അവസരം പ്രയോജനപ്പെടുത്താന്‍ തൊഴിലുടമ മന്ത്രാലയത്തിനു അപേക്ഷ നല്‍കണം. അപേക്ഷ പരിശോധിച്ച് മന്ത്രാലയം അംഗീകരിച്ചതായോ, നിരസിച്ചതായോ ഉള്ള മറുപടി തൊഴില്‍ ഉടമയ്ക്കു നല്‍കും. സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണം, കരാര്‍ കാലാവധി അവസാനിച്ച് നാടണയാനുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ ഒറ്റത്തവണ നല്‍കല്‍, എക്‌സിറ്റ് രേഖ, വിമാന ടിക്കറ്റ്, കൊറോണ വിമുക്ത സര്‍ട്ടിഫിക്കറ്റ്, വിമാനത്താവളത്തില്‍ എത്തിക്കുമെന്നും യാത്ര ഉറപ്പുവരുത്തുമെന്നുള്ള രേഖകള്‍ തുടങ്ങിയവയാണ് നിബന്ധനകളെന്ന് മന്ത്രാലയം അറിയിച്ചു.

    സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം മാനുഷിക പരിഗണന നല്‍കി കര്‍ഫ്യൂ നിയമത്തില്‍ ഇളവ് നല്‍കിയാണ് തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചു മറ്റും രാജ്യത്ത് തങ്ങുന്നവര്‍ക്ക് അതാത് നാടുകളിലേക്കു തിരിച്ചെത്താന്‍ അവസരം നല്‍കുക. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയെന്ന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നാട്ടില്‍ അവധിക്കുപോയ ഇഖാമ, റീഎന്‍ട്രി കാലവധി അവസാനിച്ച വിദേശികള്‍ക്ക് അവ പുതുക്കാനും നീട്ടി നല്‍കാനും അവസരം ഒരുക്കുമെന്നും സൗദി ജവാസാത് നേരത്തെ അറിയിച്ചിരുന്നു.




Tags: