കൊവിഡിനും തളര്‍ത്താനായില്ല; സൗദി സമ്പദ്‌വ്യവസ്ഥയില്‍ മൂന്നാം പാദത്തില്‍ 6.8% വളര്‍ച്ച

2012 മുതലുള്ള കാലയളവിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്.

Update: 2021-11-10 17:20 GMT

റിയാദ്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക രംഗത്ത് മികച്ച വളര്‍ച്ച രേഖപ്പെടുത്തി സൗദി അറേബ്യ.സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ 6.8 ശതമാനം വര്‍ഷിക വളര്‍ച്ചയാണ് നേടിയത്. 2012 മുതലുള്ള കാലയളവിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണിത്. കൊവിഡുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണുകള്‍ പിന്‍വലിച്ചതോടെ ആഗോള തലത്തില്‍ ഊര്‍ജ ഉപഭോഗത്തിലുണ്ടായ വര്‍ധനവാണ് ലോകത്തെ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ക്രൂഡ് ഓയിലിന്റെ ആവശ്യകത ആഗോള തലത്തില്‍ ഉയരുകയും സൗദിയില്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തതാണ് വളര്‍ച്ചയ്ക്ക് നിദാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഓയില്‍ ആക്ടിവിറ്റികളില്‍ 9.0 ശതമാനത്തിന്റെ മൊത്ത വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഓയില്‍ ആക്ടിവിറ്റികളില്‍ 12.9 ശതമാനം ഉയര്‍ന്നതിനാല്‍ 5.8 ശതമാനം പാദാനുപാദ വളര്‍ച്ചയാണ് മൊത്ത ആഭ്യന്തര ഉത്പ്പാദനത്തില്‍ (ജിഡിപി) ഉണ്ടായിരിക്കുന്നത്.

എന്നാല്‍ അതേ സമയം എണ്ണ ഉത്പാദനത്തെ മാത്രം ആശ്രയിക്കാതെ രാജ്യത്തിന്റെ സമ്പദ് മേഖല പുഷ്ടിപ്പെടുത്തുവാന്‍ പുത്തന്‍ മാര്‍ഗങ്ങളും സൗദി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. നിലവില്‍ ടൂറിസം, എന്റര്‍ടെയിന്റ് മേഖലകളിലാണ് പ്രധാനമായും സൗദി ഊന്നല്‍ നല്‍കുന്നത്. കൊവിഡ് വ്യാപനത്തില്‍ നിന്നും മുക്തമായിക്കൊണ്ട് പുതു ഉണര്‍വ് തേടുന്ന ഈ മേഖലകളിലെ നിക്ഷേപം ഭാവിയില്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

സഞ്ചാരികളെയും വിശ്വാസികളെയും ആകര്‍ഷിക്കുന്ന ധാരാളം ഇടങ്ങള്‍ ഉള്ള സൗദി അറേബ്യയില്‍ ടൂറിസത്തിന് പുത്തന്‍ മാനം നല്‍കുവാനാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതി ആസൂത്രണങ്ങള്‍. രാജ്യത്തെ തൊഴിലവസരങ്ങളും ഇതിലൂടെ വളരും. സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിനുണ്ടായിരുന്ന വിലക്ക് നീക്കം ചെയ്തത് ഇതിന്റെ ഭാഗമായുള്ള വലിയ മുന്നേറ്റമായി വിലയിരുത്താവുന്നതാണ്. 2018ലാണ് നിരോധനം എടുത്തുമാറ്റിയത്. മൂന്നരപ്പതിറ്റാണ്ടോളം നീണ്ട സിനിമാ നിരോധന കാലത്തിനാണ് അതോടെ തിരശ്ശീല വീണത്.

കഴിഞ്ഞ പത്ത് മാസത്തില്‍ 700 ദശ ലക്ഷം റിയാല്‍ വരുമാനം സിനിമാ മേഖലയില്‍ നിന്നും സൗദി അറേബ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധികള്‍ നീങ്ങുകയും, ഒപ്പം നിലവിലെ ആറ് നഗരങ്ങള്‍ക്ക് പുറമേ 10 നഗരങ്ങളിലേക്ക് സിനിമാ പ്രദര്‍ശനം വ്യാപിപ്പിക്കുകയും ചെയ്യുന്നതോടെ വരുമാനത്തില്‍ വലിയ വര്‍ധനവ് ഇനിയുണ്ടാകും. 2021ല്‍ മാത്രം 11 ദശലക്ഷം ടിക്കറ്റുകള്‍ സൗദി തിയേറ്ററുകളില്‍ വിറ്റുപോയിട്ടുണ്ടെന്നാണ് ജനറല്‍ കമ്മിഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ (ജി.സി.എ.എം)യുടെ കണക്കുകള്‍ പറയുന്നത്.

അതിനിടെ, വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ചരിത്ര പ്രാധാന്യമുള്ളതും ടൂറിസം സാധ്യതയുള്ളതുമായ കൂടുതല്‍ സ്ഥലങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.


Tags: