സൗദിയെ ഞെട്ടിച്ച് ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍ ഹൂഥി മിസൈല്‍ ആക്രമണം; ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കമ്പനി

മിസൈല്‍ പതിച്ച് ജിദ്ദ അരാംകോ കേന്ദ്രത്തിലെ ഒരു ടാങ്കിന് കേടുപാടുകള്‍ സംഭവിച്ചു. സംഭരിച്ചുവച്ചിരുന്ന എണ്ണയില്‍ 10 ശതമാനം നഷ്ടമായി.

Update: 2020-11-24 13:21 GMT

റിയാദ്: സൗദി അറേബ്യയെ ഞെട്ടിച്ച് ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍ യമനിലെ ഹൂഥി വിമതരുടെ മിസൈല്‍ ആക്രമണം. അതിര്‍ത്തി മേഖലയില്‍ ഇടയ്ക്കിടെ ആക്രമണം ഉണ്ടാവാറുണ്ടെങ്കിലും ജിദ്ദയിലെ എണ്ണ കേന്ദ്രം സുരക്ഷിതമായിരുന്നു. എന്നാല്‍, ഏവരെയും ഞെട്ടിച്ചാണ് അരാംകോ കേന്ദ്രത്തില്‍ ഹൂഥികളുടെ മിസൈല്‍ പതിച്ചത്.

ആക്രമണം ശരിവച്ച അരാംകോ അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് തടസം നേരിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മിസൈല്‍ പതിച്ച് ജിദ്ദ അരാംകോ കേന്ദ്രത്തിലെ ഒരു ടാങ്കിന് കേടുപാടുകള്‍ സംഭവിച്ചു. സംഭരിച്ചുവച്ചിരുന്ന എണ്ണയില്‍ 10 ശതമാനം നഷ്ടമായി. ഈ ടാങ്ക് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍ 13 ടാങ്കുകളാണുള്ളത്. അരാംകോയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ കേന്ദ്രമാണിത്.

ജിദ്ദയിലെ എണ്ണ കേന്ദ്രത്തില്‍ നിന്ന് ഓരോ ദിവസവും 1.20 ലക്ഷം ബാരല്‍ എണ്ണയാണ് വിതരണം ചെയ്യുന്നത്. ഇവിടെയാണ് ആക്രമണമുണ്ടായത്. സൗദിയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയാണ് ഹൂഥികളുടെ ലക്ഷ്യമെന്ന് കരുതുന്നു. സാധാരണ ഇത്തരം ആക്രമണങ്ങള്‍ സൗദി സൈന്യത്തിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ലക്ഷ്യം കാണും മുമ്പേ നശിപ്പിക്കാറാണ് പതിവ്.

ആക്രമണത്തെ തുടര്‍ന്ന് ജിദ്ദയിലെ അരാംകോ കേന്ദ്രത്തില്‍ തീപടര്‍ന്നു. 40 മിനുട്ടോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ആര്‍ക്കും പരിക്കില്ല. മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദിയുടെ ഈസ്‌റ്റേണ്‍ പ്രവിശ്യയിലാണ് അരാംകോയുടെ മിക്ക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇത് ജിദ്ദയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂഥികള്‍ ഏറ്റെടുത്തു. ഖുദ്‌സ് 2 ഗണത്തില്‍പ്പെട്ട മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അവര്‍ അറിയിച്ചു.ആക്രമണത്തിന്റെ ഉപഗ്രഹ ചിത്രവും ഹൂഥി സൈനിക വക്താവ് യഹിയ സരിയ പുറത്തുവിട്ടിരുന്നു.

Tags:    

Similar News