സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴ; രാഹുല്‍ ഗാന്ധിക്കെതിരായ ഹരജി തള്ളി

പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാത്തതിനാല്‍ സമയം നഷ്ടപ്പെടുത്തിയതിന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി

Update: 2020-11-02 09:13 GMT

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി. തന്റെ നാമനിര്‍ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് സരിത ഹരജി നല്‍കിയത്. എന്നാല്‍, പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാത്തതിനാല്‍ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സരിത എസ് നായര്‍ വയനാട്ടില്‍ നിന്നും എറണാകുളത്ത് നിന്നും മല്‍സരിക്കാനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ക്രിമിനല്‍ കേസ് പ്രതിയാണെന്നതും രണ്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നാമനിര്‍ദേശ പത്രികകള്‍ തള്ളപ്പെട്ടിരുന്നു. അതേസമയം, രാഹുലിനെതിരേ മല്‍സരിക്കാന്‍ സരിത എസ് നായര്‍ ഉത്തര്‍പ്രദേശിലെ അമേത്തി മണ്ഡലത്തില്‍ നല്‍കിയ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വയനാട്ടില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സരിത എസ് നായര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

    സുപ്രിംകോടതി നിരവധി തവണ കേസ് വിളിച്ചെങ്കിലും ഒരിക്കല്‍ പോലും പരാതിക്കാരിയുടെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ ബെഞ്ച് ഇന്നും കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല. തുടര്‍ന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും കേസ് വിളിച്ചെങ്കിലും ആരുമെത്താതതിനെ തുടര്‍ന്നാണ് ഹരജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.

Saritha's petition against Rahul Gandhi was rejected




Tags: