ജമ്മു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

വെള്ളിയാഴ്ച ആര്‍ട്ട്‌സ് ഫെസ്റ്റിനിടെയാണ് സംഭവം. നാനോസയന്‍സ് വിദ്യാര്‍ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ഥി ഭരത് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു.

Update: 2019-04-15 08:58 GMT
ശ്രീനഗര്‍: ജമ്മു കേന്ദ്ര സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം.

സര്‍വകലാശാലയില്‍നിന്നുള്ള എബിവിപി പ്രവര്‍ത്തകരും കാംപസിന് പുറത്തുനിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആക്രമണം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച ആര്‍ട്ട്‌സ് ഫെസ്റ്റിനിടെയാണ് സംഭവം. നാനോസയന്‍സ് വിദ്യാര്‍ഥി വിഷ്ണു, നാഷണല്‍ സെക്യൂരിറ്റി വിദ്യാര്‍ഥി ഭരത് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. മലയാളി വിദ്യാര്‍ഥികള്‍ രാജ്യദ്രോഹികളും കമ്യൂണിസ്റ്റുകളും മാംസാഹാരികളുമാണെന്ന് ആരോപിച്ചാണ് ആക്രമണം.

അതേസമയം, പരാതി നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി വിസിയും ഹോസ്റ്റല്‍വാര്‍ഡനും ഇടപെട്ട് പോലിസില്‍ പരാതി നല്‍കാനുള്ള നീക്കം തടഞ്ഞതായി ആക്ഷേപമുണ്ട്. എന്നാല്‍, സംഭവം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇടപെടാമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

നേരത്തേ സര്‍വകലാശാലയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഹോസ്റ്റലിലേക്കുള്ള ബസ് സര്‍വീസിന് വലിയതുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ചതില്‍ കോളജ് അധികൃതര്‍ മലയാളി വിദ്യാര്‍ഥികളോട് ശത്രുതയോടെയാണ് പെരുമാറുന്നത്.

സംഭവത്തില്‍ പോലിസിനെ സമീപിക്കാന്‍ പോലും കഴിയാതെ ഹോസ്റ്റല്‍മുറികളില്‍ ഭയന്നു കഴിയുകയാണെന്ന് മാനന്തവാടി സ്വദേശിയും ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ വിഷ്ണുപ്രസാദ് പറഞ്ഞു.

Tags: