സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മുഖ്യസാക്ഷി മൊഴി മാറ്റി

Update: 2022-12-03 08:12 GMT

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി. ആശ്രമം കത്തിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തന്റെ സഹോദരന്‍ പ്രകാശും സുഹൃത്തുക്കളുമാണെന്നാണ് ഇയാള്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. സഹോദരന്‍ ജീവനൊടുക്കുന്നതിനു മുമ്പ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, ഇത് ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് ഇയാള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി തിരുത്തിപ്പറഞ്ഞു.

അതേസമയം, മൊഴിമാറ്റിയ കാര്യം വ്യക്തമല്ലെന്നും ഇതിനിടയാക്കിയ സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രശാന്ത് മൊഴി മാറ്റിയാലും പ്രശ്‌നമില്ല. തെളിവുകള്‍ കൈവശമുണ്ടെന്നാണ് ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് വിശദീകരണം. നാലരവര്‍ഷം നീണ്ട പരിഹാസത്തിനും കാത്തിരിപ്പിനൊടുവിലാണ് നേരത്തെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തില്‍ ആര്‍എസ്എസ്സുകാരനായ ഈയിടെ ആത്മഹത്യചെയ്ത തന്റെ സഹോദരന്‍ പ്രകാശിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തെത്തുകയായിരുന്നു.

സഹോദരന്‍ പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് ആശ്രമം കത്തിച്ചതെന്നാണ് പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. 2018 ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമപരിസരത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും കത്തിനശിച്ചിരുന്നു. ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്ന റീത്ത് വച്ചിട്ടാണ് അക്രമികള്‍ മടങ്ങിയത്.

ശബരിമല യുവതീ പ്രവേശനവിഷയത്തില്‍ സ്വാമി സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അക്രമം. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. സംഭവസമയത്ത് ആശ്രമത്തിലെ സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് മനപ്പൂര്‍വം കേടാക്കിയതാണെന്നായിരുന്നു ബിജെപി- ആര്‍എസ്എസ് കേന്ദ്രങ്ങളുടെ പ്രചാരണം.

Tags: