സംഝോത സ്‌ഫോടനം: എന്‍ഐഎയ്‌ക്കെതിരേ വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍
സ്‌ഫോടനക്കേസ് അന്വേഷിച്ച 1977 ബാച്ച് ഐപിഎസ് ഓഫിസറായ വികാസ് നാരായണ്‍ റായ് ആണ് പ്രതികളെ വെറുതെ വിട്ടതിന്റെ പൂര്‍ണ ഉത്തരവാദി എന്‍ഐഎ ആണെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നാരായണ്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഝോത സ്‌ഫോടനക്കേസില്‍ തീവ്രഹിന്ദുത്വശക്തികളുടെ ബന്ധം തെളിയിച്ച നിര്‍ണായക തെളിവായ സ്യൂട്ട് കേസിന്റെ ഉറവിടം കണ്ടെത്തിയത്.
പ്രതികളെ വെറുതെവിട്ടതിന്റെ പൂര്‍ണ ഉത്തരവാദി എന്‍ഐഎ
ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെവിട്ട കോടതി വിധിക്ക് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്‌ക്കെതിരേ വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍. സ്‌ഫോടനക്കേസ് അന്വേഷിച്ച 1977 ബാച്ച് ഐപിഎസ് ഓഫിസറായ വികാസ് നാരായണ്‍ റായ് ആണ് പ്രതികളെ വെറുതെ വിട്ടതിന്റെ പൂര്‍ണ ഉത്തരവാദി എന്‍ഐഎ ആണെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. നാരായണ്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഝോത സ്‌ഫോടനക്കേസില്‍ തീവ്രഹിന്ദുത്വശക്തികളുടെ ബന്ധം തെളിയിച്ച നിര്‍ണായക തെളിവായ സ്യൂട്ട് കേസിന്റെ ഉറവിടം കണ്ടെത്തിയത്.
ഹിന്ദുത്വര്‍ സ്‌ഫോടനത്തിനുള്ള സ്യൂട്ട്‌കേസുകള്‍ വാങ്ങിയ മധ്യപ്രദേശിലെ ഇന്ദോര്‍ മാര്‍ക്കറ്റിലെ കടയും റായ് കണ്ടെത്തിയിരുന്നു. കേസിലെ പ്രതികള്‍ക്കെതിരേ നിരവധി തെളിവുകളും സാക്ഷിമൊഴികളും എന്‍ഐഎ ശേഖരിച്ചിരുന്നു. എന്നാല്‍, കൃത്യമായ തെളിവുകളൊന്നും കോടതിയില്‍ സമര്‍പ്പിക്കാതെ എന്‍ഐഎ തയ്യാറാക്കിയ കഥയാണ് കോടതിയില്‍ അവതരിപ്പിച്ചതെന്ന് റായ് കുറ്റപ്പെടുത്തി. സംഝോത സ്‌ഫോടനക്കേസ് ഇല്ലാതാക്കിയത് എന്‍ഐഎ ആണ്. സ്‌ഫോടനക്കേസ് കുഴിച്ചുമൂടാന്‍ എന്‍ഐഎ തന്നെ ശ്രമിച്ച സാഹചര്യത്തില്‍ പ്രതികളെ കുറ്റമുക്തരാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഹരിയാന പോലിസില്‍ ക്രമസമാധാന ചുമതല വഹിച്ച ഡിഐജിയായിരുന്ന റായ് പറഞ്ഞു. അജ്മീര്‍, മാലേഗാവ്, മക്കാ മസ്ജിദ് സ്‌ഫോടനക്കേസുകളും ഇതേ തരത്തിലാണ് കൈകാര്യം ചെയ്തത്. ഒരേ സംഘത്തില്‍പെട്ട ഒരേ പ്രതികള്‍ നടത്തിയ സ്‌ഫോടനങ്ങളായിരുന്നു ഇതെല്ലാം.
മലേഗാവ് സ്‌ഫോടനക്കേസിന്റെ അന്വേഷണം മയപ്പെടുത്തണമെന്ന് 2015ല്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടത് സംബന്ധിച്ച് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്‍ഐഎ ഒരു സര്‍ക്കാര്‍ ഏജന്‍സിയാണ്. അവര്‍ പ്രോസിക്യൂഷനോടാണ് കടപ്പെട്ടിരിക്കുന്നത്. നാലുവര്‍ഷമായി കേസ് നടക്കുകയാണ്. എന്നാല്‍, ഇതുവരെ അന്വേഷണ ഏജന്‍സിയുടെ നിലപാടില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. സര്‍ക്കാര്‍ മാറിയിട്ടും ഡയറക്ടര്‍ ജനറല്‍ മാറിയിട്ടും എന്‍ഐഎയുടെ അന്വേഷണരീതി പഴയപടിയാണ്. സംഝോത കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രംപോലും കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറായില്ല. ഹിന്ദുത്വശക്തികള്‍ പ്രതികളായ സ്‌ഫോടനക്കേസുകളില്‍ എന്‍ഐഎ അപ്പീലിന് പോവുന്നില്ലെന്നതിനര്‍ഥം കേസ് വിജയിക്കുമെന്ന് അവര്‍ കരുതുന്നില്ല എന്നതാണെന്നും നാരായണ്‍ റായ് കൂട്ടിച്ചേര്‍ത്തു.

