മര്‍ക്കസ് കാലാവസ്ഥാ ഉച്ചകോടിയിലെ സ്ത്രീ പങ്കാളിത്തം: ബന്ധപ്പെട്ടവരോട് വിശദീകരണം തേടി, ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എ പി വിഭാഗം സമസ്ത

സ്ത്രീകള്‍ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന് നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ല്യാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

Update: 2022-10-21 13:26 GMT

കോഴിക്കോട്: കഴിഞ്ഞ ദിവസം താമരശ്ശേരി മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയില്‍ വനിതകള്‍ പങ്കെടുക്കുകയും പൊതുവേദിയില്‍ സംസാരിക്കുകയും ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം). മര്‍ക്കസ് കാലാവസ്ഥാ ഉച്ചകോടിയില്‍ വിദേശ വനിതകള്‍ അടക്കം പങ്കെടുത്ത സംഭവത്തിലാണ് സംഘാടകരില്‍ നിന്ന് വിശദീകരണം ചോദിച്ചത്. വനിതാ പങ്കാളിത്തത്തില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണം തേടിയത്. സ്ത്രീകള്‍ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന് നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ല്യാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ ദിവസം മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിയില്‍ സമസ്തയുടെയും സുന്നിപ്രസ്ഥാനത്തിന്റെയും നയങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി നടന്ന വിഷയങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം തേടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

പൊതുവേദികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നാണ് എ പി സുന്നി നേതാവ് എ പി അബൂബക്കര്‍ മുസ്ല്യാരുടെ നേരത്തെ മുതലുള്ള നിലപാട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ ഹക്കിം അസ്ഹരിയുടെ നിയന്ത്രണത്തിലുള്ള പുതുപ്പാടിയിലെ നോളജ് സിറ്റിയില്‍ ആഗോളകാലാവസ്ഥാ സമ്മേളനത്തില്‍ വനിതകളടക്കമെത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

അതേസമയം, ഉച്ചകോടിയിലെ സ്ത്രീ പ്രാതിനിധ്യം സമസ്തയുടെ കാലോചിതമായ മാറ്റങ്ങളുടെ ഭാഗമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കുറേ പേര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലുള്ള സമസ്തയുടെ പഴയ നയനിലപാടില്‍ മാറ്റമൊന്നുമില്ലെന്നാണ് സമസ്തയുടെ പുതിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

രൂപീകരണ കാലം തൊട്ടേ സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തിന് ഇരു സമസ്തകളും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റിയില്‍ സമാപിച്ച ആഗോള കാലാവസ്ഥ ഉച്ചകോടിയിലാണ് വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും സര്‍വകലാശാല പ്രൊഫസര്‍മാരുമായ നിരവധി വനിതകള്‍ വേദിയിലും സദസ്സിലുമായി പരിപാടിയില്‍ പങ്കാളികളായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും മര്‍കസിന്റെയും ഉച്ചകോടിയുടെയും ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തുവന്നിരുന്നു.

നോളജ് സിറ്റി സഹസ്ഥാപകനും കാന്തപുരം വിഭാഗം നേതാവുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വനിത പ്രതിനിധികളുമായി വേദി പങ്കിട്ട ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. മര്‍ക്കസ് നോളജ് സിറ്റിയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ നടത്തിയ ഉച്ചകോടിയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിട്ടുള്ളത്. 40 രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇരുന്നൂറിലേറെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

Tags:    

Similar News