കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; തൊഴിലാളി യൂനിയനുകളുടെ യോഗം ഇന്ന്

Update: 2022-05-11 02:01 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തൊഴിലാളി യുണിയനുകള്‍. വിവിധ സംഘടനകള്‍ ഇന്ന് വെവ്വേറെ യോഗം ചേര്‍ന്ന് തീരുമാനം എടുക്കും. മിന്നല്‍ പണിമുടക്ക് പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ഇല്ലെന്ന് എല്ലാ സംഘടനകളും പറയുന്നു. കെഎസ്ആര്‍ടിസി യുടെ സാമ്പത്തികാവസ്ഥയും ജീവനക്കാരുടെ ജീവിത പ്രശ്‌നങ്ങളും ജനങ്ങളെ കൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. സ്ഥാപനത്തിന് പുറത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെയുള്ള സമരങ്ങളുടെ സാധ്യതയും ആലോചനയില്‍ ഉണ്ട്. മെയ് മാസത്തിലെ ശമ്പളം നല്‍കാന്‍ ബാങ്ക് വായ്പയ്ക്കുള്ള ശ്രമം മാനേജ്‌മെന്റ് തുടരുകയാണ്.

അതേസമയം, കെഎസ്ആര്‍ടിസി ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണെന്നും ആന്റണി രാജു പറഞ്ഞു. മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രില്‍ മാസത്തെ ശമ്പളം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പതിവായി നല്‍കുന്ന 30 കോടി രൂപ ഇന്നലെ നല്‍കിയെങ്കിലും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

Tags:    

Similar News