ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടില്ലെന്ന് എന്‍ഐഎ

അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ വരും ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

Update: 2019-05-01 10:15 GMT

കൊച്ചി: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ഐഎ വരും ദിവസം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.

സഹ്രാന്‍ ഹാഷ്മിയുടെ വീഡിയോകളും പ്രസംഗങ്ങളും ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ പിടിയിലായത്. സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങള്‍ മലയാളത്തിലേക്കും തമിഴിലേക്കും മൊഴിമാറ്റി പ്രചരിപ്പിച്ചിരുന്നു. സഹ്രാന്‍ ഹാഷിമുമായി ബന്ധമുള്ളവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടാകാമെങ്കിലും ഇയാള്‍ ഇതുവരെ കേരളത്തിലെത്തിയിട്ടില്ലെന്നാണ് എന്‍ഐഎ കരുതുന്നത്. ഇതുവരെ പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് സഹ്രാനെ നേരിട്ട് കണ്ടതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം വൈകാതെ കോടതിയെ സമീപിക്കും. നിലവില്‍ കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെ ചോദ്യം ചെയ്തതില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇതുവരെ എന്‍ഐഎക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികളടക്കമുള്ള സംയുക്തസംഘം കൊച്ചിയിലടക്കം കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുകയാണ്. 

Tags:    

Similar News