കര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലിസ്

Update: 2023-09-25 16:24 GMT

ബംഗളൂരു: കര്‍ണാകടയിലെ ബിദാറില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടിയ സംഭവത്തില്‍ പോലിസ് കേസെടുത്തു. ധന്നൂര്‍ ബസവകല്യണ താലൂക്കിലാണ് അജ്ഞാതര്‍ മുസ് ലിം പള്ളിക്കു മുകളില്‍ കാവി പതാക സ്ഥാപിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴിന് പ്രദേശവാസിയായ ഇസ്മായില്‍ നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയും ബസവകല്യാണ റൂറല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295 (മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം അശുദ്ധമാക്കല്‍) പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവരമറിഞ്ഞ് മുസ് ലിംകള്‍ പ്രദേശത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ടായി.

    പോലിസ് സ്ഥലത്തെത്തി നടപടിയെടുക്കുകയും പതാക നീക്കം ചെയ്യുകയും ചെയ്തു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലിസ് ഉറപ്പുനല്‍കി. വിവരം ലഭിച്ചപ്പോള്‍ തന്നെ പ്രദേശത്തെത്തിയതായും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ബസവകല്യാണ റൂറല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വസന്ത പാട്ടീല്‍ പറഞ്ഞു. ഡിവൈഎസ് പി ജെ എസ് ന്യാമഗൗഡയുടെ നേതൃത്വത്തില്‍ ഇരു സമുദായങ്ങളെയും വിളിച്ചുകൂട്ടി സമാധാന യോഗം നടത്തുകയും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അതേസമയം, കേസില്‍ വിരേഷ്, കല്യാണി രാജ്കുമാര്‍, സിശീല്‍, അഭിഷേക് എന്നീ നാലുപേരെ അറസ്റ്റ് ചെയ്തതായി മുസ് ലിം സ്‌പേസസ് എക്‌സ് അക്കൗണ്ട് ട്വീറ്റ് ചെയ്തു.

Tags:    

Similar News