ശബരിമല 'ഹലാല്‍ ശര്‍ക്കര' വിവാദം: കമ്പനിയുടമ ശിവസേനാ നേതാവ്; സംഘികളുടെ വര്‍ഗീയപ്രചാരണം പൊളിഞ്ഞു

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്‌സൈറ്റിലെ രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ 'വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ്' ആണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നത്. കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്.

Update: 2021-11-18 16:16 GMT

കോഴിക്കോട്: ശബരിമലയില്‍ 'ഹലാല്‍ ശര്‍ക്കര' വിവാദമുയര്‍ത്തി വര്‍ഗീയപ്രചാരണം അഴിച്ചുവിടാനുള്ള സംഘപരിവാറിന്റെ അജണ്ട പൊളിഞ്ഞു. ശബരിമലയില്‍ അരവണ, അപ്പം നിര്‍മാണത്തിന് 'ഹലാല്‍ ശര്‍ക്കര' ഉപയോഗിച്ചുവെന്നാരോപിച്ചാണ് സംഘപരിവാര്‍ വിദ്വേഷപ്രചാരണത്തിന് തുടക്കമിട്ടത്. മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള കമ്പനിയാണ് ശബരിമലയില്‍ 'ഹലാല്‍ ശര്‍ക്കര' വിതരണം ചെയ്യുന്നതെന്ന തരത്തിലായിരുന്നു കുപ്രചാരണം. എന്നാല്‍, ശബരിമലയില്‍ ശര്‍ക്കര വിതരണം ചെയ്യുന്നത് ശിവസേനാ നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ സംഘപരിവാര്‍ വെട്ടിലായിരിക്കുകയാണ്.


 അറബ് രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നം കയറ്റി അയക്കുന്നതിനായി ചില ശര്‍ക്കര ചാക്കുകള്‍ക്ക് മുകളില്‍ ഹലാല്‍ എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് സംഘികള്‍ കേരളത്തില്‍ വിദ്വേഷപ്രചാരണത്തിന് കോപ്പുകൂട്ടിയത്. 'ഹലാല്‍ ശര്‍ക്കര' വിവാദത്തിലൂടെ മുതലെടുപ്പിന് ശ്രമിച്ച ബിജെപിക്കും ഇപ്പോള്‍ മിണ്ടാട്ടമില്ല. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്‌സൈറ്റിലെ രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ 'വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ്' ആണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നത്.


 കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്. 2019 ഒക്ടോബര്‍ 1ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീട്ടിലെത്തി ശിവസേനയില്‍ അംഗത്വമെടുക്കുന്നതിന്റെ വീഡിയോ ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കരാട് നോര്‍ത്ത് മണ്ഡലത്തില്‍ ശിവസേനാ സ്ഥാനാര്‍ഥിയായിരുന്നു ധ്യാന്‍ദേവ്. സതാര ജില്ലയിലെ മണ്ഡലത്തില്‍ എന്‍സിപിയുടെ ബാലാസാഹെബ് പന്‍ദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. 39791 വോട്ടുനേടി സ്വതന്ത്രനായ മനോജ് ഭീംറാവു ഘോര്‍പാഡെയ്ക്കും താഴെ മൂന്നാമതായിരുന്നു ധ്യാന്‍ദേവ്.


 പോള്‍ ചെയ്തതില്‍ 19.95 ശതമാനം വോട്ടേ ഇദ്ദേഹത്തിന് നേടാനായുള്ളൂ. മണ്ഡലത്തില്‍ 2014ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും ധ്യാന്‍ദേവ് മല്‍സരിച്ചിരുന്നു. ധ്യാന്‍ദേവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ശിവസേനയുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ്. നവംബര്‍ 17ലെ താക്കറെ ഓര്‍മദിനത്തില്‍ വരെ ഇദ്ദേഹം അനുസ്മരണക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്തുവര്‍ഷമായി കൃഷിഅനുബന്ധ മേഖലയില്‍ സജീവമായ കമ്പനിയാണ് ധ്യാന്‍ദേവിന്റെ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീല്‍ ധ്യാന്‍ദേവ് കദം, വിക്രംശീല്‍ ധ്യാന്‍ദേവ് കദം, ഗീതാഞ്ജലി സത്യശീല്‍ കദം, സുനിത ധൈര്യശീല്‍ കദം, തേജസ്വിനി വിക്രംശീല്‍ കദം എന്നിവരാണ് കമ്പനിയുടെ മറ്റ് ഡയറക്ടര്‍മാര്‍.

സള്‍ഫറില്ലാത്ത പഞ്ചസാര ഉല്‍പ്പന്നങ്ങളാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ശര്‍ക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളില്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയില്‍ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡര്‍. കേരളത്തിലുടനീളം ഹലാലിന്റെ പേരില്‍ വര്‍ഗീയത പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശബരിമലയിലെ 'ഹലാല്‍ ശര്‍ക്കര' വിവാദവും കത്തിക്കാന്‍ ശ്രമിച്ചു. സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലടക്കം വ്യാപകമായ വിദ്വേഷ പോസ്റ്റുകളാണ് നിറഞ്ഞത്.

ബിജെപി നേതാക്കളും വിവാദം ഏറ്റുപിടിച്ച് മുതലെടുപ്പിന് ശ്രമം നടത്തി. അതിനിടെ ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹരജിയുമെത്തി. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാറാണ് ഹരജി നല്‍കിയത്. മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹരജിയിലെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മാണത്തിന് ഉപയോഗിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

Tags:    

Similar News