യുക്രെയ്‌നിലെ സാപ്പോറിഷ്യയില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

Update: 2022-10-07 05:30 GMT

കീവ്: തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ സാപ്പോറിഷ്യ നഗരത്തില്‍ റഷ്യന്‍ പട്ടാളം നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റീജ്യനല്‍ ഗവര്‍ണര്‍ ഒലെക്‌സാണ്ടര്‍ സ്റ്റാറൂഖ് പറഞ്ഞു. മറ്റ് താമസക്കാര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോയിരിക്കുകയാണ്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം 12 പേര്‍ക്കാണ് പരിക്കേറ്റത്. അഞ്ച് പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയിലാണെന്നും സ്റ്റാറൂഖ് പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ തെരുവുകളില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


 കൂടുതല്‍ സ്‌ഫോടനങ്ങളുണ്ടായതായാണ് റിപോര്‍ട്ടുകള്‍. ബഹുനിലക്കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഏഴ് ആക്രമണങ്ങളാണ് ഉണ്ടായതെന്നു യുക്രെയ്ന്‍ വൃത്തങ്ങള്‍ പറഞ്ഞു. എസ് 300 വ്യോമ പ്രതിരോധ മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്ക് തകര്‍ന്നു. മിസൈല്‍ ആക്രമണം തുടരുന്നു. അഭയകേന്ദ്രങ്ങളില്‍ കഴിയൂ-ടെലിഗ്രാമിലൂടെ താമസക്കാരോട് സാപ്പോറിഷ്യ മേഖലയുടെ ഗവര്‍ണര്‍ ഒലെക്‌സാണ്ടര്‍ സ്റ്റാരുഖ് പറഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തതായി യുക്രേനിയന്‍ എമര്‍ജന്‍സി സര്‍വീസും സ്ഥിരീകരിച്ചു.


 യുക്രേനിയന്‍ എമര്‍ജന്‍സി സര്‍വീസ് പുറത്തുവിട്ട ഫോട്ടോകളില്‍ പാര്‍പ്പിട കെട്ടിടങ്ങള്‍ തകര്‍ന്നിടത്ത് വലിയ അവശിഷ്ടങ്ങളുടെ കൂമ്പാരം കാണുന്നുണ്ട്. യുക്രേനിയന്‍ സേനയുടെ നിയന്ത്രണത്തിലുള്ള സാപ്പോറിഷ്യ നഗരത്തിലെ സംഭവങ്ങളെക്കുറിച്ച് റഷ്യ ഉടന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. യുക്രെയ്‌നിലെ 'പ്രത്യേക സൈനിക ഓപറേഷനില്‍' സിവിലിയന്‍മാരെ ബോധപൂര്‍വം ലക്ഷ്യം വച്ചെന്ന ആരോപണം മോസ്‌കോ നിഷേധിച്ചു.

റഷ്യ ഈയിടെ പിടിച്ചടക്കിയ യുക്രെയ്‌നിലെ നാലില്‍ ഒന്നാണ് സപ്പോറിഷ്യ മേഖല. തങ്ങളുടെ പ്രദേശം ബലപ്രയോഗത്തിലൂടെ അനധികൃതമായി പിടിച്ചെടുക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പറയുന്നു. അതേസമയം, തോക്കിന്‍മുനയില്‍ നടന്ന ഹിതപരിശോധന മുഴുവന്‍ കള്ളവോട്ടുകളാണെന്നാണ് യുക്രെയ്‌ന്റെ വാദം.

Tags: