ജനവാസ മേഖലയിലും നാശനഷ്ടം; എട്ടാം ദിവസവും ആക്രമണം കടുപ്പിച്ച് റഷ്യ

Update: 2022-03-03 03:27 GMT

യുക്രെയ്‌നിലെ സിവിലിയന്‍ മേഖലയിലും നാശം വിതച്ച് റഷ്യയുടെ ആക്രമണം. സകലതും തകര്‍ത്തെറിഞ്ഞ് എട്ടാം ദിവസവും യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും ഖാര്‍ക്കിവില്‍ കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്‌ഫോടനവും തുടര്‍ന്നു. കൂടുതല്‍ ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വിനാശകരമായ ആയുധങ്ങള്‍ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. യുക്രെയ്ന്‍ പട്ടാളത്തെ കൊന്നൊടുക്കാന്‍ ശ്രമമെന്നും അമേരിക്ക വിലയിരുത്തുന്നു.ഒരാഴ്ചയ്ക്കിടെ 9000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വ്യക്തമാക്കി.

ഇതിനിടെ റഷ്യ യുക്രെയ്ന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കുകയാണ്. ബെലാറൂസ് പോളിഷ് അതിര്‍ത്തിയിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്കായി ഇന്നലെ തന്നെ റഷ്യന്‍ സംഘം എത്തിയിരുന്നു. വെടി നിര്‍ത്തലും ചര്‍ച്ചയാകുമെന്നാണ് പുടിന്‍ പറയുന്നത്.

യുക്രെയ്‌നില്‍ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യുഎന്‍ പൊതുസഭ വന്‍ ഭൂരിപക്ഷത്തില്‍ ഇന്നലെ പാസാക്കി. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു. ചൈനയും പാക്കിസ്ഥാനും വിട്ടു നിന്ന് രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്.

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങളുമായി രാജ്യങ്ങളും വ്യവസായ സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. റഷ്യ, ബെലാറൂസ് രാജ്യങ്ങളിലെ പദ്ധതികള്‍ ലോകബാങ്ക് നിര്‍ത്തി . അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ ഫിച്ച് റഷ്യയുടെ റേറ്റിങ് താഴ്ത്തി. ഓറക്കിളും കാനനും റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ചെയ്തു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. റഷ്യന്‍ അതിര്‍ത്തി വഴി ഇവരെ രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഖാര്‍ക്കീവ് വിടാനാകാതെ റെയില്‍വേ സ്‌റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.

ഇതിനിടെ ഓപറേഷന്‍ ഗംഗയുടെ ഭാഗമായുള്ള വ്യോമസേനയുടെ രക്ഷാദൗത്യം തുടങ്ങി. ഇതുവരെ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ യുെ്രെകനില്‍ നിന്ന് ഇന്ത്യാക്കാരുമായി തിരിച്ചെത്തി.

Tags:    

Similar News