ആര്‍എസ്എസ് മൂലഗ്രന്ഥം പാഠ്യപദ്ധതിയില്‍; ന്യായീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല സിലബസ് പാനല്‍

Update: 2021-09-09 18:15 GMT

കണ്ണൂര്‍: ആര്‍എസ്എസ് മൂലഗ്രന്ഥം  ഉള്‍പ്പടെ കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ ന്യായീകരണവുമായി സിലബസ് പാനല്‍. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ആരോപണം മാത്രമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നതെന്നാണ് സിലബസ് പാനലിന്റെ വിശദീകരണം. സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരുടെ ചിന്തകള്‍ ഇന്ത്യയിലെ മിക്ക സര്‍വകലാശാലകളുടെയും പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുകളില്‍ സിലബസായി നല്‍കിയിട്ടുണ്ടെന്നും ഇവയൊന്നും ഇന്ത്യയില്‍ നിരോധിച്ച പുസ്തകങ്ങളല്ലെന്നും പാനല്‍ വ്യക്തമാക്കി.

പരമ്പരാഗത സമീപനത്തില്‍നിന്നും വ്യത്യസ്തമായി വലതുപക്ഷ ചിന്ത പദ്ധതികളും ഉള്‍ക്കൊള്ളുന്ന നവീനമായ സമീപനം ആണ് സിലബസില്‍ ഉപയോഗിച്ചിരിക്കുന്നത്. വലതുപക്ഷ ചിന്താധാര എങ്ങനെ ഇന്ത്യന്‍ ദേശീയ സ്വത്വത്തെ നോക്കിക്കാണുന്നു എന്നുള്ളത് രാഷ്ട്രീയ വിദ്യാര്‍ഥി തീര്‍ച്ചയായും വായിച്ചുവളരണം.

അതുകൊണ്ടാണ് സിലബസില്‍ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയത്. ഇതില്‍ അസാധാരണമായ ഒരു പുതിയ കാര്യവും ഇല്ല. പാനല്‍ വ്യക്തമാക്കി.

പോലിസിന് പുറമെ വിദ്യാഭ്യാസ വകുപ്പിലും ആര്‍എസ്എസ് പിടിമുറുക്കുന്നു എന്ന ആരോപണം ശക്തമാകുന്ന ഘട്ടത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല ബിരുദാനന്തര ബിരുദ സിലബസില്‍ വര്‍ഗീയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഗോള്‍വാള്‍ക്കറുടെ 'വീ ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്', 'ബഞ്ച് ഓഫ് തോട്ട്‌സ്', സവര്‍ക്കറുടെ 'ഹിന്ദുത്വ; ഹൂ ഇസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണിതെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഇവ സിലബസില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ 'ബഞ്ച് ഓഫ് തോട്ട്‌സ്' (വിചാരധാര) ആര്‍എസ്എസ് മൂലഗ്രന്ഥമായി പരിഗണിക്കുന്ന കൃതിയുമാണ്.

എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്ളത്. തീംസ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങള്‍ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയാറാക്കി എന്നാണ് ആക്ഷേപം. സിലബസ് പാനലിലെ ഒരു വിഭാഗം അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദേശിച്ച പേപ്പറുകളെല്ലാം ഒരു വിഭാഗം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചത്. എം.എ പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്ന പി.ജി കോഴ്‌സ് ഈ വര്‍ഷം മുതലാണ് എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ആയത്.

ഇന്ത്യയില്‍തന്നെ ഈ കോഴ്‌സ് കണ്ണൂര്‍ സര്‍വകലാശാലക്കു കീഴിലെ ബ്രണ്ണന്‍ കോളജില്‍ മാത്രമേയുള്ളൂ. അതിനാല്‍ ഇതിന്റെ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ട്. ഇതിനിടയിലാണ് സംഘ്പരിവാര്‍ ആശയപ്രചാരണവുമായി സിലബസിലടക്കം കൃത്യമായ ഇടപെടല്‍ നടത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്. 2021 ജനുവരി 15ന് ആരംഭിച്ച കോഴ്‌സിന്റെ ആദ്യ സെമസ്റ്റര്‍ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30നാണ്. സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകളടക്കം വ്യാപക പ്രതിഷേധം ഉയര്‍ത്തി. കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് നാളെ എസ്ഡിപിഐ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News