സ്‌കൂള്‍ മുറ്റത്ത് ആര്‍എസ്എസ് ആയുധ പരിശീലനം; കേസെടുത്ത് തമിഴ്‌നാട് പോലിസ്

സംഭവത്തില്‍ ദ്രാവിഡ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോലിസ് കേസെടുത്തത്. സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ച് കയറിയതിനാണ് ആര്‍എസ് പുരം പോലിസ് കേസെടുത്തത്.

Update: 2022-10-11 14:32 GMT
കോയമ്പത്തൂര്‍: സ്‌കൂള്‍ മുറ്റത്ത് ആര്‍എസ്എസ് ആയുധ പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്ത് തമിഴ്‌നാട് പോലിസ്. കോയമ്പത്തൂരിനടുത്ത് ആര്‍എസ് പുരം കോര്‍പറേഷന്‍ ഗവ. സ്‌കൂള്‍ മൈതാനത്ത് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) പ്രവര്‍ത്തകര്‍ നടത്തിയ

ശാഖ പരിശീലനത്തിനെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്.

സംഭവത്തില്‍ ദ്രാവിഡ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോലിസ് കേസെടുത്തത്. സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ച് കയറിയതിനാണ് ആര്‍എസ് പുരം പോലിസ് കേസെടുത്തത്.

സ്‌കൂളില്‍ ആര്‍എസ്എസ് പരിപാടിക്ക് അനുമതി നല്‍കിയെന്നാരോപിച്ച് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം (ടിപിഡികെ) പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം വ്യാപകമായതോടെ അനിഷ്ട സംഭവങ്ങള്‍ തടയാന്‍ സ്ഥലത്ത് പോലിസ് സേനയെ വിന്യസിച്ചിരുന്നു.ഭാവിയില്‍ കോര്‍പറേഷന്‍ സ്‌കൂളുകളിലോ പൊതുസ്ഥലങ്ങളിലോ ആര്‍എസ്എസ്സിന്റെ ഇത്തരം ക്യാംപുകള്‍ നടത്താതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉചിതമായ നടപടിയെടുക്കണമെന്നും ടിപിഡികെ ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സ്‌കൂളുകളില്‍ സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ ഒരു സമ്മേളനത്തിനും കോര്‍പറേഷന്‍ അനുമതി നല്‍കാറില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കോയമ്പത്തൂര്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ എം പ്രതാപ് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News