സുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി

Update: 2022-06-27 18:29 GMT

കോഴിക്കോട്: സ്വന്തം ചുമതലകള്‍ നിര്‍വഹിക്കാന്‍ ധൈര്യപ്പെടാത്തവിധം സുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കിയതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച 'ആര്‍.എസ്.എസിന്റെ കേരള അജണ്ടയും മാധ്യമങ്ങളും' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയുടെ ചോരപുരണ്ട കൈകളുമായി എതിരാളികളെ നേരിടുന്ന ആര്‍എസ്എസ്, ഭരണകൂട സംവിധാനങ്ങളെ ചൊല്‍പ്പടിയില്‍ നിര്‍ത്തുകയാണ്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി പ്രസിഡന്റ് ഒപ്പിട്ടതാണ്. ഇതോടെ ഒരാള്‍ക്ക് പൗരത്വം നല്‍കാനോ നിഷേധിക്കാനോ മതം മാനദണ്ഡമായിക്കൂട എന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉദാത്ത ആശയത്തെ കൊന്ന് കുഴിച്ചുമൂടിയിരിക്കുകയാണ് മോദി ഭരണകൂടം. ഇവിടെ മതം മാനദണ്ഡമായി വന്നുകഴിഞ്ഞു. ഇതു ഭരണഘടനാപരമാണോ എന്നൊരു ചോദ്യം സുപ്രീം കോടതിയുടെ മുന്നില്‍ ഉന്നയിച്ചിട്ട് വര്‍ഷങ്ങളായി.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെന്താണ് പണി? ഇതു ചോദിക്കാനുള്ള അവകാശം എനിക്കും നിങ്ങള്‍ക്കുമുണ്ട്. ഇവര്‍ക്കുകൊടുക്കുന്ന ശമ്പളം ഈ രാജ്യത്തുനിന്ന് പിരിക്കുന്ന എന്റെയും നിങ്ങളുടെയും നികുതിയാണ്. മാധ്യമസംവിധാനത്തിലും ആര്‍എസ്എസിന്റെ പിടിവീണു. ഉടമസ്ഥാവകാശം ഏറ്റെടുക്കല്‍, മാധ്യമങ്ങളില്‍ തങ്ങളുടെ ആളുകളെ തിരുകികയറ്റല്‍, മാധ്യമങ്ങളുടെ ലൈസന്‍സ് നല്‍കുമ്പോഴുള്ള ഇടപെടല്‍ ഇവയൊക്കെയാണ് ഇക്കൂട്ടരുടെ രീതി.

ഗുജറാത്ത് കൂട്ടക്കൊലപാതകത്തിലെ ഇരകള്‍ക്കായി സംസാരിച്ചവരെ ജയിലിലിടുകയാണ് ഭരണകൂടം. ടീസ്റ്റ സെറ്റല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ നീതിക്കായി കോടതി കയറിയിറങ്ങുമ്പോള്‍ മൂന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ പറയുകയാണ് അവരെ പിടികൂടി ജയിലിലിടാന്‍. 'ലീഗല്‍ ടെററിസം' (നീതിന്യായ തീവ്രവാദം) എന്നൊരുവാക്ക് ഒരുപക്ഷേ നാളെ ഉണ്ടായേക്കാമെന്നും ബേബി പറഞ്ഞു.

കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായിരുന്നു. മാധ്യമ പ്രവര്‍ത്തകരായ ടി എം ഹര്‍ഷന്‍, സനീഷ് ഇളയിടത്ത്, അധ്യാപിക ഡോ. മഞ്ജു എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News